തീരദേശ കിണര്‍ വെള്ളത്തിലെ ഉപ്പുരസവും നിറങ്ങളും മാറാന്‍ കിണര്‍ റീചാര്‍ജ്ജിങ്ങ്


ഡോ. ജോസ് സി. റാഫേല്‍, ടീം ലീഡര്‍, മഴപ്പൊലിമ, 

തൃശൂര്‍ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന നമ്മുടെ നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ കിണറുകളില്‍ പൊതുവേ എല്ലാകാലത്തും ഉപ്പുരസം കാണുന്നു. എന്താണ് ഇത് രൂക്ഷമായി വരുവാന്‍ കാരണം? കാരണങ്ങള്‍ നിരവധിയാണ്. താഴെപറയുന്നവ അവയില്‍ ചിലതുമാത്രം. വീട്ടുപറന്പുകളിലെ ചെറുകുളങ്ങള്‍ നാം മൂടിക്കളഞ്ഞു. മഴക്കാലത്തിനടുത്ത് ചെയ്തിരുന്ന കാര്‍ഷിക മുറകള്‍ ഇല്ലാതായി. മഴവെള്ളം മണ്ണില്‍ താഴാതായി. ഓരുവെള്ളം/ ഉപ്പുവെള്ളം കയറാതിരിക്കുവാന്‍ കര്‍ഷകര്‍ തീര്‍ക്കുന്ന ചിറകള്‍ കുറഞ്ഞുപോയി. അല്ലെങ്കില്‍ പുതുക്കിയ ചീപ്പുകളെ വേണ്ട സമയങ്ങളില്‍ അടച്ചുതുറക്കാതെയായി. പൈപ്പിലൂടെ വരുന്ന ക്ലോറിനിട്ട സര്‍ക്കാര്‍ കുടിവെള്ളം വരാന്‍ തുടങ്ങിയതോടെ നാം കിണറിനെ മറക്കുവാന്‍ തുടങ്ങി. ആധുനികതയുടെ തിരതള്ളലില്‍ മോട്ടോര്‍ പന്പ് സംവിധാനം വന്നതോടെ കിണറുകളിലെ വെള്ളം മഞ്ഞനിത്തിലോ ചുവപ്പുനിറത്തിലോ ഉള്ളതുമാകുകയും കൂടുതല്‍ ഉപ്പുള്ളതായി കിണര്‍വെള്ളം രൂപാന്തരപ്പെടുകയും ചെയ്തു. തീരപ്രദേശങ്ങളില്‍ ചില ഭാഗത്ത് കിണറിന്‍റെ ഉളളിലെ മണ്ണില്‍ ഇരുന്പിന്‍റെ അംശം താരതമ്യേന കൂടതലായതിനാല്‍ ഈ അംശഭാഗങ്ങള്‍ തുരുന്പു പിടിച്ച മഞ്ഞവെള്ളം പോലെ കിണര്‍ വെള്ളത്തില്‍ കലങ്ങി മോട്ടോര്‍ പന്പ് പ്രവര്‍ത്തിക്കുന്നതുവഴി കൂടുതലായി പുറത്തേയ്ക്ക് വരാറുണ്ട്. കിണറിലെ മോട്ടോര്‍ വേറെ വിനകൂടി വരുത്തുന്നുണ്ട്. പെട്ടന്നുള്ള പന്പിങ്ങ് ആയതിനാല്‍ കടലിലെ ഉപ്പുവെള്ളം സുനാമിപോലെ ഭൂമിക്കടിയിലൂടെ നമ്മുടെ കിണറുകളില്‍ എത്തിച്ചേരും. ജിയോളജി വിഷയം കൈക്കാര്യം ചെയ്യുന്നവര്‍ ഇതിനെ ഹൈബന്‍ ആന്‍റ് ഹെര്‍സ്ബെര്‍ഗ് ബന്ധം എന്ന് വിശേഷിപ്പിക്കുന്നു. അതായത് തീരപ്രദേശങ്ങളില്‍ 1 മീറ്റര്‍ ഭൂജലത്തിന്‍റെ അളവ് താഴുകയാണെങ്കില്‍ കടല്‍ 40 മീറ്റര്‍ മണ്ണിനടിയിലൂടെ അകത്തേയ്ക്ക് കയറിവരും. (1: 40 അനുപാതത്തില്‍) പഴയകാലങ്ങളില്‍ നാമേവരും തൊട്ടിയും കയറും ഉപയോഗിച്ച് കിണറില്‍ നിന്ന് വെള്ളം കോരിയിരുന്നു. എന്നാല്‍ ഇന്ന് അതിന് പകരം എല്ലാവരും മോട്ടോര്‍ പന്പ് വെച്ച് കിണറിലെ വെള്ളം വലിക്കുന്പോള്‍ കടലിന് കരയിലേയ്ക്ക് ഭൂമിക്കടിയിലൂടെ കയറി വരുവാന്‍ തുലോം എളുപ്പമാകുകയും ചെയ്യും. എന്നാല്‍ കടല്‍ക്കരയില്‍ താമസിക്കുന്ന മുക്കുവക്കുടിലുകളില്‍ ചിലപ്പോള്‍ ശുദ്ധജലം ലഭിക്കുന്നതും നമുക്ക് കാണാന്‍ സാധിക്കും. ഇതിനുകാരണം സമുദ്രതീരത്ത് മഴപെയ്ത് മണ്ണില്‍ ഇറങ്ങുന്ന മഴവെള്ളം നിമിത്തം ഭൂമിക്കടിയില്‍ ഈ ശുദ്ധജല മേഖല (എൃലവെ ംമലേൃ ളശഹമാലിേ) അവിടങ്ങളില്‍ ഉണ്ടാകുന്നതുകൊണ്ടാണ്. പ്രതിവിധികള്‍ ഏതായാലും കിണറുകളില്‍ ഉപ്പുരസം മാറി ശുദ്ധജലം ലഭിക്കാന്‍ നാം എന്തുചെയ്യണം. ഇതിന് ഒരു പ്രതിവിധിയേ നമ്മുടെ പക്കല്‍ ഉള്ളൂ. അതായത് മഴവെള്ളം ശേഖരിച്ച് കിണറില്‍ ഇറക്കണം. ഇത് മേല്‍ക്കൂരയില്‍ നിന്നോ ഷീറ്റ് വിരിച്ച് അവിടെനിന്നോ ശേഖരിക്കുന്ന മഴവെള്ളം കിണറിന്‍റെ ഉള്‍വശത്തേയ്ക്ക് ഒഴുക്കണം. ഓടിട്ട മേല്‍ക്കൂരയില്‍ നിന്നോ ടെറസ്സിട്ട മേല്‍ക്കൂരയില്‍ നിന്നോ ഇങ്ങനെ ചെയ്യാന്‍ സാധിക്കും. ഇതിനുവേണ്ട പ്രധാന സാധനങ്ങള്‍ പാത്തി, പൈപ്പ് എന്നിവയും മറ്റ് അനുബന്ധ വസ്തുക്കളുമാണ്. ഓടിട്ട വീടുകള്‍ക്ക് ക്ലാന്പടിച്ച് പാത്തി ഉറപ്പിച്ച് നിറുത്തണം. ടെറസ്സിട്ട വീടുകളുടെ മേല്‍ക്കൂരയില്‍ പുറത്തേയ്ക്ക് ഓവുപൈപ്പുകള്‍ നില്‍ക്കുന്നത് കാണാം. ഈ പുറത്തേയ്ക്ക് നില്‍ക്കുന്ന ഓവുപൈപ്പുകളെ പി. വി. സി. പൈപ്പുകള്‍ ഉപയോഗിച്ച് കിണറിനടുത്തേയ്ക്ക് കൊണ്ടുവരണം. ഇങ്ങനെ മേല്‍ക്കൂരയില്‍ നിന്ന് താഴേയ്ക്ക് കൊണ്ടുവരുന്ന പൈപ്പുകളില്‍ ആദ്യമഴയിലെ വെള്ളം കളയാന്‍ വാല്‍വ് സംവിധാനമോ, ടി (ഠ) സംവിധാനമോ ഏര്‍പ്പെടുത്തണം. മേല്‍ക്കൂരയില്‍ അഴുക്ക് വീഴുന്ന പക്ഷം ഇത് അടച്ചു തുറക്കാന്‍ പാകത്തില്‍ വേണം ഇത് ഫിറ്റ് ചെയ്യാന്‍. ഇതിന് ശേഷം പൈപ്പിനെ കിണറിനകത്തേയ്ക്ക് ആനയിക്കാന്‍ പാകത്തിന് ഫിറ്റ് ചെയ്ത് നിറുത്തുക. ഈ പൈപ്പിനഗ്രഭാഗത്ത് ഒരു പ്ലാസ്റ്റിക് വല കെട്ടുന്നത് ഉചിതമാണ്. മേല്‍ക്കൂരയില്‍ വീഴുന്ന ഇലകള്‍ ഇതില്‍ തടയുകയും അതാത് വീട്ടുകാര്‍ക്ക് ഈ വല അഴിച്ച് വൃത്തിയാക്കുവാന്‍ സാധിക്കുകയും ചെയ്യും. വീട്ടില്‍ നാം ഉപ്പുമാങ്ങ ഇടുന്ന പതിവുണ്ടല്ലോ ഉപ്പുമാങ്ങ ഇട്ട ഉടന്‍ മാങ്ങഭാഗം ഉപ്പുവെള്ളത്തിന് മുകളില്‍ കിടക്കുകയും എന്നാല്‍ മാങ്ങയ്ക്ക് ഉപ്പുപിടിച്ചാല്‍ അത് താഴുകയും ചെയ്യുന്നത് കാണാം. ഇതിനു കാരണം ഉപ്പുമാങ്ങയാക്കാന്‍ ഇട്ട പച്ചമാങ്ങയിലുള്ള ജലാംശത്തിന്‍റെ സാന്ദ്രത ഉപ്പുവെള്ളത്തെ അപേക്ഷിച്ച് കുറവായതിനാല്‍ മാങ്ങ ഉപ്പുവെള്ളത്തില്‍ ഇട്ട ആദ്യ മണിക്കൂറുകളില്‍ പൊങ്ങിനില്‍ക്കും. അതുപോലെ മഴവെള്ളത്തിന് ഉപ്പുവെള്ളത്തെ അപേക്ഷിച്ച് സാന്ദ്രത കുറവായതിനാല്‍ മഴവെള്ളം കിണറിന്‍റെ അന്തര്‍ഭാഗത്ത് പൊന്തിക്കിടക്കുകയും ഉപ്പുവെള്ളം ഭൂമിയിലേയ്ക്ക് താഴുകയും ചെയ്യും. (എന്നാല്‍ മോട്ടോര്‍ വെച്ച് വലിച്ചാല്‍ ഉപ്പു കയറുകയും മഞ്ഞനിറം കിണര്‍ വെള്ളത്തില്‍ കയറി വരികയും ചെയ്യും. ആയതിനാല്‍ ഇനിമേല്‍ നാം തീരപ്രദേശങ്ങളിലെ കിണറുകളില്‍ മോട്ടോര്‍ പന്പ് വെയ്ക്കാതിരിക്കുകയാണുചിതം) ഇതിനുവേണ്ടി വരുന്ന ചിലവ് പാത്തി, പൈപ്പ്, ക്ലാന്പുകള്‍, ആണി, പശ, കൂലിച്ചെലവ്, തുടങ്ങിയവ മാത്രമേ ഉള്ളൂ. പ്ലംന്പിങ്ങ് ചെയ്യുന്ന എല്ലാ പണിക്കാര്‍ക്കും ഇത് ചെയ്ത് തരുവാന്‍ സാധിക്കും. ഏകദേശം 2000 രൂപയ്ക്കുള്ളില്‍ ഓടിട്ട വീടുകള്‍ക്കും, 1000 രൂപയ്ക്കടുത്ത് ടെറസ്സിട്ട വീടുകള്‍ക്കും വേണ്ടി വരികയുള്ളൂ. ഏതു വിധേനെ ആയാലും മഴവെള്ളം കിണറില്‍ എത്തണം. മോട്ടോര്‍ പന്പ് മാറ്റണം. മഴക്കാലത്തും വേനലിലും കിണറില്‍ ശുദ്ധജലം ഉറപ്പ്. ഇങ്ങനെ ചെയ്ത കിണര്‍ വെള്ളത്തിലെ ഉപ്പുരസവും നിറവത്യാസങ്ങളും മാറുന്നതിനുള്ള ധാരാളം ഉദാഹരണങ്ങള്‍ ലേഖകന് പരിചിതമാണ്. തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, മണലൂര്‍, ഒരുമനയൂര്‍, പാവറട്ടി, കടപ്പുറം തുടങ്ങിയ പല പഞ്ചായത്തുകളിലും ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയിലും ഇതിന് ഉദാഹരണങ്ങള്‍ ഉണ്ട്. ഇതുമൂലം വേനലില്‍ സര്‍ക്കാര്‍ കുടിവെള്ളം കാത്ത് നില്‍ക്കേണ്ട ഗതികേട് ഒഴിവായിക്കിട്ടിയെന്ന് അതത് കുടുംബങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ ജനങ്ങള്‍ ഉന്നയിക്കുന്ന പ്രധാന ചോദ്യങ്ങള്‍ താഴെ പറയുന്നവയാണ്. മേല്‍ക്കൂരയിലെ അഴുക്ക് കിണറില്‍ വീഴില്ലേ ഫില്‍റ്റര്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടേ ഓടിട്ട വീടുകളില്‍ ഒക്ടോബര്‍ മാസത്തില്‍ കാണുന്ന കറുത്ത പുഴു കിണറില്‍ വീഴില്ലേ മഴക്കാലത്ത് കിണര്‍ നിറഞ്ഞ് കിടക്കുന്പോള്‍ ഇത് ചെയ്തിട്ട് കാര്യമുണ്ടോ എന്നുള്ളവയാണ്. ഉത്തരങ്ങള്‍ താഴെ ചേര്‍ക്കട്ടെ. മേല്‍ക്കൂരയിലെ അഴുക്കുവെള്ളം കളയാന്‍ വാല്‍വ്/ടി/ ഫസ്റ്റ് ഫ്ളഷ് സംവിധാനം ഏര്‍പ്പെടുത്തണം. ഫില്‍റ്റര്‍ ചെയ്യാന്‍ പ്രത്യേകം അറ/ തൊട്ടി ഉണ്ടാക്കി മണല്‍, കരി, മെറ്റല്‍ എന്നിവ അടുക്കിയിട്ടുള്ള അരിപ്പ സംവിധാനം ഏര്‍പ്പെടുത്താം. ഇതിന് ചിലവുണ്ട്. കേരളത്തിലെ കിണറുകളും കക്കൂസ്ക്കുഴികളും കടലും മഴക്കാലത്ത് ഒന്നായി കിടക്കുന്നതിനാല്‍ മഴവെള്ളം ശുദ്ധീകരിച്ച് കിണറിലേയ്ക്ക് വിടുന്നതുകൊണ്ട് വലിയ കാര്യം ഉള്ളതായി കാണുന്നില്ല. പിന്നെ മനസ്സിന് ഒരു തൃപ്തിക്ക് ഇങ്ങനെയും ചെയ്യാം .ഒക്ടോബര്‍ മാസത്തില്‍ തീരപ്രദേശങ്ങളിലെ ഓടിട്ട മേല്‍ക്കൂരകളില്‍ കറുത്ത പുഴു ഉള്ളതായി കാണാം. ഇവ കിണറില്‍ വീഴാതിരിക്കാന്‍ ഈ പുഴു വരുന്ന സമയം കണ്ട് ഫസ്റ്റ് ഫ്ളഷ് വാല്‍വ് തുറന്നുവെയ്ക്കണം. മഴക്കാലത്ത് കിണറിന്‍റെ പരിസരം വെള്ളത്തില്‍ മുങ്ങിയാലും കിണറിനകത്തേയ്ക്ക് മഴവെള്ളം വീഴുന്നതുകൊണ്ട് ഗുണം ഉണ്ട്. കിണറിന്‍റെ ആള്‍മറ/കോണ്‍ക്രീറ്റ് റിങ്ങുകള്‍ ഒരു വലിയ പാത്രം പോലെ പ്രവര്‍ത്തിക്കും. മഴവെള്ളത്തെ ഉപ്പുവെള്ളത്തിന് മീതെ നിറുത്തി ഉപ്പുരസത്തിനെ താഴെയ്ക്ക് തള്ളിയിറക്കാന്‍ ഇത് സഹായിക്കുന്നു. ആയതിനാല്‍ ഇനി പെയ്യുന്ന മഴക്കാലത്ത് നമുക്ക് നമ്മുടെ കിണറുകളിലേയ്ക്ക് മഴവെള്ളം കടത്തിവിടാം. ഉപ്പുരസത്തെ മാറ്റി നിറുത്താം. ഇതിനു വേണ്ടുന്ന സാങ്കേതിക സഹായങ്ങള്‍ക്ക് തൃശ്ശൂര്‍ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന മഴപ്പൊലിമ പദ്ധതിയുടെ ഓഫീസിലേയ്ക്ക് വിളിയ്ക്കാം. നന്പര്‍ 0487 2363616. തൃശ്ശൂര്‍ അയ്യന്തോള്‍ ഗ്രൗണ്ടിനു സമീപം പുതൂര്‍ക്കര റോഡിലാണ് മഴപ്പൊലിമയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

0 Comments