മാതാപിതാക്കളുടെ വിശ്വാസം മക്കള്ക്ക് അനുഗ്രഹം



മാതാപിതാക്കളുടെ വിശ്വാസം വഴിയാണ് മക്കള്ക്ക് ദൈവാനുഗ്രഹം ലഭിക്കുന്നത്. ഒരു പക്ഷേ ഇതുവരേയും മക്കള് അനുഗ്രഹിക്കപ്പെടാതെ പോയത് നമ്മുടെ അവിശ്വാസം മൂലമാകാം. കാനാന്കാരി സ്ത്രീ പിശാചുബാധയുള്ള തന്റെ മകളുമായി യേശുവിന്റെ അടുക്കല് വന്ന് ഇപ്രകാരം പറഞ്ഞു ‘‘യേശുവേ ദാവീദിന്റെ പുത്രാ എന്നില് കനിയണമേ. എന്റെ മകളെ പിശാച് ക്രൂരമായി പീഡിപ്പിക്കുന്നു”. യേശു ഈ പ്രാര്ത്ഥനയ്ക്ക് ഉത്തരമൊന്നും പറഞ്ഞില്ല. ശിഷ്യന്മാര് അവര്ക്കുവേണ്ടി യേശുവിനോട് മധ്യസ്ഥം പറഞ്ഞു. യേശുവിന്റെ മറുപടി ‘‘മക്കളുടെ അപ്പമെടുത്ത് നായ്ക്കള്ക്കു കൊടുക്കുന്നത് ഉചിതമല്ല”. (മത്താ 15, 26) അപ്പോള് സ്ത്രീ പറഞ്ഞു, ‘‘അതേ കര്ത്താവേ നായ്ക്കളും മേശയില് നിന്ന് വീഴുന്ന അപ്പക്കഷണങ്ങള് തിന്നാറുണ്ടല്ലോ”? യേശു പറഞ്ഞു ‘‘സ്ത്രീയേ നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതുപോലെ നിനക്ക് സംഭവിക്കട്ടെ”. അപ്പോള് മുതല് അവളുടെ പുത്രി സൗഖ്യമുള്ളവളായി. (മത്താ 15, 28)
യേശു തന്നെ അവഗണിക്കുന്നതായി തോന്നിയിട്ടും വിശ്വാസം പ്രഘോഷിച്ചുകൊണ്ട് അവള് മകള്ക്ക് സൗഖ്യം വാങ്ങിയെടുത്തു. ഇവിടെ കുട്ടി പ്രാര്ത്ഥിക്കുകയോ ‘‘യേശുവേ സൗഖ്യം തരണമേ’’ എന്ന് നിലവിളിക്കുകയോ ചെയ്യുന്നില്ല. എന്നാല് അമ്മയുടെ പ്രാര്ത്ഥന വഴി മകള് പൂര്ണ്ണസൗഖ്യം പ്രാപിക്കുന്നു.
സ്വന്തം പുത്രി രോഗത്താല് കഷ്ടപ്പെടുകയാണ്. മരണാസന്നയായ മകള്ക്കുവേണ്ടി ജായ്റോസ് യേശുവിന്റെ അടുക്കല് അഭയം പ്രാപിക്കുന്നു. സാധാരണയായി മക്കള്ക്ക് അസുഖമുണ്ടാകുന്പോള് പിതാവ് വൈദ്യന്റെ അടുത്താണല്ലോ പോകാറ്. ഇവിടെ ഈ കുടുംബനാഥന് യേശുവിന്റെ അടുക്കലേയ്ക്ക് വരുന്നു. കുട്ടിയുടെ പ്രശ്നം പരിഹരിക്കാന് യേശുവിന് സാധിക്കും എന്ന ആഴമായ വിശ്വാസമായിരുന്നു ജായ്റോസിനെ യേശുവിലേയ്ക്ക് നയിച്ചത്. (മര്ക്കോ. 5:2124)
കുടുംബനാഥന്റെ വിശ്വാസം വഴി മരിച്ചകുട്ടിയെ ജീവനുള്ള കുട്ടിയായി അവര്ക്ക് തിരിച്ചുകിട്ടി. മരണവീട് ഉത്ഥാനത്തിന്റെ, സന്തോഷത്തിന്റെ ഭവനമായി മാറി. ഈ സംഭവത്തിലും കുട്ടി പ്രാര്ത്ഥിക്കുകയോ വിശ്വസിക്കുകയോ ഏറ്റുപറയുകയോ ചെയ്യുന്നില്ല. പക്ഷേ പിതാവിന്റെ വിശ്വാസം വഴി കുട്ടി സൗഖ്യം പ്രാപിച്ചു.
‘‘വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്”. (ഹെബ്രാ 11,1) ദൈവസന്നിധിയില് ശരണം പ്രാപിക്കുന്നവന് ദൈവം ഉണ്ടെന്നും തന്നെ അന്വേഷിക്കുന്നവര്ക്ക് അവിടുന്ന് പ്രതിഫലം നല്കുമെന്നും വിശ്വസിക്കണം. ദൈവാനുഗ്രഹം ലഭിക്കുന്നതിനായി മക്കളെ ഏതെങ്കിലും ധ്യാനത്തിന് അയക്കുന്നതിനുമുന്പ് മാതാപിതാക്കള് വിശ്വാസത്തില് വളരുവാന് വേണ്ടി പ്രാര്ത്ഥിക്കണം. കുട്ടിക്ക് ലഭിക്കേണ്ട അനുഗ്രഹങ്ങള് മാതാപിതാക്കളുടെ അവിശ്വാസം വഴി നഷ്ടപ്പെടാതിരിക്കാന് വേണ്ടി നമുക്ക് പ്രാര്ത്ഥിക്കാം.
നിങ്ങളുടെ സ്വന്തം കൊച്ചച്ചന്
ഫാ. ആന്റണി അമ്മുത്തന്

0 Comments