തിരുസ്വരൂപങ്ങളിലണിയിക്കാന്‍ കിരീടങ്ങള്‍ തയാറായി


യൗസേപ്പിതാവിന്‍റെ തിരുനാളിന് തിരുസ്വരൂപങ്ങളില്‍ അണിയിക്കുന്നതിനുള്ള കിരീടങ്ങളും മറ്റ് ആഭരണങ്ങളും തയാറായി. എല്ലാ വര്‍ഷവും വിശുദ്ധ യൗസേപ്പിതാവിന്‍റെ പ്രധാന തിരുനാളിനോടനുബന്ധിച്ചാണ് സ്വര്‍ണ്ണംപൂശല്‍ നടക്കുക. വലിയ കിരീടം, ചെറിയ കിരീടങ്ങള്‍, യൗസേപ്പിതാവിന്‍റെ ലില്ലിപ്പൂ, പത്രോസിന്‍റെ താക്കോല്‍, വളകള്‍ തുടങ്ങിയവയാണ് തയാറായിട്ടുള്ളത്. ശനിയാഴ്ച രാത്രി 7.30ന് നടക്കുന്ന ഭക്തിനിര്‍ഭരമായ കൂടുതുറക്കല്‍ ശുശ്രൂഷക്കുശേഷമാണ് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ രൂപക്കൂട്ടില്‍ പ്രതിഷ്ഠിക്കുക.

വിശുദ്ധ യൗസേപ്പിതാവ്, പരിശുദ്ധ മാതാവ്, പത്രോസ് ശ്ലീഹ എന്നിവരുടെ തിരുസ്വരൂപങ്ങളിലാണ് കിരീടങ്ങളും ആഭരണങ്ങളും അണിയിച്ച് ദേവാലയ മുഖമണ്ഡപത്തില്‍ പ്രത്യേകം അലങ്കരിച്ച രൂപക്കൂട്ടില്‍ ഭക്തജനങ്ങള്‍ക്ക് വണങ്ങുന്നതിനായി സ്ഥാപിക്കുക. ഭക്തജനങ്ങല്‍ക്ക് വിശുദ്ധ യൗസേപ്പിതാവിന് വളയും, ലില്ലിപ്പൂവും എടുത്തുവയ്ക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതായി വികാരി ഫാ.ജോസ് പുന്നോലിപ്പറന്പില്‍ പറഞ്ഞു.

കിരീടവും ആഭരണങ്ങളും അണിയിച്ച വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടാണ് തിരുനാള്‍ ദിവസമായ ഞായറാഴ്ച പ്രദക്ഷിണം നടക്കുക.

0 Comments