ആർക്ക് വോട്ട് ചെയ്യണം: സീറോ മലബാർ സഭയുടെ സർക്കുലർ


എറണാകുളം: ജനാധിപത്യത്തോട് നിസംഗമായ മനസ് സമൂഹത്തിൽ രൂപപ്പെടാതിരിക്കാൻ രാഷ്ട്രീയപാർട്ടികളും സർക്കാരും നയങ്ങളിൽ വ്യക്തത വരുത്തണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു. മെയ് 16-ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ദൈവാലയങ്ങളിൽ വായിക്കാനായി അയച്ച സർക്കുലറിലായിരുന്നു ഈ നിർദേശം.

 സമൂഹജീവിതത്തെ നശിപ്പിക്കുന്ന അഴിമതി, വർഗീയത, സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങൾ, മദ്യത്തിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും ഉപഭോഗം ഇവയ്‌ക്കെല്ലാമെതിരെ രാഷ്ട്രീയകക്ഷികൾക്ക് വ്യക്തമായ നിലപാട് ഉണ്ടാകണം. അക്രമരാഷ്ട്രീയം ജനാധിപത്യ സമൂഹത്തിന് തീരാകളങ്കമാണ്. അസഹിഷ്ണുതയും ജനാധിപത്യവിരുദ്ധമായ കാഴ്ചപ്പാടുകളും പ്രവർത്തനങ്ങളും രാഷ്ട്രീയപാർട്ടികൾ ഉപേക്ഷിക്കണം. സർക്കുലർ പറയുന്നു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഉപകരിക്കുന്ന വികസന പരിപാടികൾ വേണം സർക്കാരുകൾ ആവിഷ്‌കരിച്ച് നടപ്പാക്കേണ്ടത്. കർഷകർ, ദളിതർ, മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ, ആദിവാസികൾ, സംഘടിതരും അസംഘടിതരുമായ തൊഴിലാളികൾ ഇങ്ങനെ എല്ലാവർക്കും അർഹമായ നീതി ഉറപ്പുവരുത്തേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസ രംഗത്ത് സർക്കാർ മേഖലയ്‌ക്കൊപ്പം സ്വകാര്യമേഖലയ്ക്കും ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഈ രംഗത്ത് എല്ലാ ന്യൂനപക്ഷങ്ങൾക്കും ന്യായമായ അവകാശങ്ങൾ ഉറപ്പാക്കുന്ന നയങ്ങളാണ് സർക്കാർ അവലംബിക്കേണ്ടത്.

സഭ ഉയർത്തിപ്പിടിക്കുന്ന അടിസ്ഥാനമൂല്യങ്ങൾ സമൂഹത്തിന്റെ ക്ഷേമത്തിനും കെട്ടുറപ്പിനും ഉതകുന്നതാണ്. ഈശ്വരവിശ്വാസം, സത്യം, നീതി, മതേതരത്വം, പാവപ്പെട്ടവരോടുള്ള പ്രതിബദ്ധത, മതങ്ങളോടും മതാത്മക പ്രസ്ഥാനങ്ങളോടുമുള്ള ആദരവ്, ഭരണഘടനയോടും കോടതിയോടുമുള്ള ബഹുമാനം, ജനാധിപത്യ-മാനവിക മൂല്യങ്ങളോടുള്ള ആഭിമുഖ്യം, സഹിഷ്ണുത എന്നിവ സഭയുടെ സാമൂഹികപ്രബോധനത്തിന്റെ അന്തസാരമാണ്. രാജ്യത്തിന്റെ വികസനവും കെട്ടുറപ്പും നിലനിൽപും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിലാണെന്ന് സഭ വിശ്വസിക്കുന്നു. സഭ വിശ്വസിക്കുന്ന മൂല്യങ്ങളോട് രാഷ്ട്രീയപാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കുമുള്ള നിലപാടുകളെയും വിലയിരുത്തി വേണം സഭാംഗങ്ങൾ സമ്മതിദാനാവകാശം വിനിയോഗിക്കാമെന്നും സർക്കുലർ ഓർമ്മിപ്പിച്ചു.

സമകാലിക രാഷ്ട്രീയത്തിന്റെ പ്രയോഗതലങ്ങളിലെ അസ്വസ്ഥതകൾ കണ്ടാണ് അരാഷ്ട്രീയവാദത്തിലേക്കും നിസംഗതയിലേക്കും നിഷ്‌ക്രിയത്വത്തിലേക്കും ചിലരെങ്കിലും പോകുന്നത്. യുവജനങ്ങളും അഭ്യസ്തവിദ്യരും രാഷ്ട്രീയത്തോട് വൈമുഖ്യം പുലർത്തുന്നത് ഗൗരവമായി പരിശോധിക്കണം.വോട്ട് ചെയ്തിട്ട് കാര്യമില്ല. അല്ലെങ്കിൽ ഇവർക്കാർക്കും വോട്ടു ചെയ്തിട്ട് ഫലമില്ല എന്നെല്ലാമുള്ള മനോഭാവങ്ങൾ നിലവിലെ സംവിധാനങ്ങളോടുള്ള പ്രതിഷേധത്തിന്റെ അടയാളമാകുമെങ്കിലും ജനാധിപത്യത്തെ ദുർബലമാക്കാനും സ്ഥാപിത താൽപര്യക്കാർക്ക് തങ്ങളുടെ നയങ്ങൾ എതിർപ്പില്ലാതെ മുന്നോട്ടുകൊണ്ടുപോകാനുമാണ് സാഹചര്യമൊരുക്കുക. രാജ്യത്തെയും സമൂഹത്തെയും സ്‌നേഹിക്കുന്നവർ വോട്ടുചെയ്യുക എന്ന അടിസ്ഥാനപരമായ പൗരധർമം വിനിയോഗിച്ച് ജനാധിപത്യ തെരഞ്ഞെടുപ്പു പ്രക്രിയകളോട് സഹകരിക്കേണ്ടതുണ്ട്. വോട്ടർപട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കാൻ ഏവരും ശ്രദ്ധിക്കണം.

രാഷ്ട്രീയമേഖലയിലുൾപ്പെടെ സഭയ്ക്ക് വ്യക്തമായ സാമൂഹിക കാഴ്ചപ്പാടുകളുണ്ട്. രാഷ്ട്രീയക്കാരിൽ സഭയുടെ കാഴ്ചപ്പാടുകളോട് ഒത്തുപോകുന്നവരും അല്ലാത്തവരുമുണ്ട്. പൊതുവെ ഒത്തുപോകുന്നവരെന്ന് കരുതപ്പെടുന്നവരും ചില കാര്യങ്ങളിൽ ഒത്തുപോകണമെന്നില്ല. ഒത്തുപോകാത്തവരെന്ന് തോന്നുന്നവരും ചില കാര്യങ്ങളിൽ സഭയുടെ കാഴ്ചപ്പാടുകളെ അംഗീകരിക്കുന്നവരായിരിക്കാം. സഭാവിശ്വാസികളിൽതന്നെ പല രാഷ്ട്രീയ പാർട്ടികളുടെയും അനുഭാവികളും പ്രവർത്തകരുമുണ്ട്. എല്ലാവരുടെയും സ്വാതന്ത്ര്യത്തെ സഭ മാനിക്കുന്നു.

തിരഞ്ഞെടുപ്പിലൂടെ നാടിന്റെ ഭരണം ഏതാനും വ്യക്തികളുടെ കൈകളിൽ ഏൽപിച്ചുകൊടുക്കുന്നതോടെ ഉത്തരവാദിത്വം കഴിഞ്ഞു എന്ന് ചിന്തിക്കരുത്. ജനപ്രതിനിധികൾ തങ്ങളുടെ കടമ എപ്രകാരമാണ് നിർവഹിക്കുന്നതെന്ന് വിശകലനം ചെയ്യപ്പെടണം. അവർക്ക് ആവശ്യമായ പിന്തുണയും തിരുത്തലുകളും നൽകുമ്പോഴാണ് ജനാധിപത്യ വ്യവസ്ഥയിലെ ജനങ്ങളുടെ അധികാരം പൊതുനന്മയ്ക്കായി വിനിയോഗിക്കപ്പെടുന്നത്.

തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയപാർട്ടികൾ ഉന്നയിക്കുന്ന താൽകാലികമായ ആരോപണങ്ങളും പ്രത്യാരോപണങ്ങളും എന്നതിൽ മാത്രമൊതുങ്ങരുത് നമ്മുടെ രാഷ്ട്രീയ വിശകലനവും പൗരബോധവും. നാടിന്റെ സുസ്ഥിര താൽപര്യങ്ങളും സമൂഹനന്മയും ദൈവിക-മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ഭരണസംവിധാനം നിലവിൽവരാൻ പ്രതിബദ്ധതയോടുകൂടി തെരഞ്ഞെടുപ്പു പ്രക്രിയയിൽ നമുക്ക് പങ്കുചേരാം. അർഹരും യോഗ്യരുമായ ജനപ്രതിനിധികൾ തെരഞ്ഞെടുക്കപ്പെടാൻ സഭാംഗങ്ങൾ പ്രാർത്ഥിക്കണമെന്നും സർക്കുലർ അഭ്യർത്ഥിച്ചു.

0 Comments