ഉണ്ണിയേശുവിന്റെ പുഞ്ചിരി

സാം തോബിയാസ്, സേക്രഡ് ഹാര്ട്ട് യൂണിറ്റ്

 അന്ന് ഞാന് പതിവിലേറെ സന്തോഷത്തിലാണ് എഴുന്നേറ്റത്. കാരണം ഇന്നാണ് പുല്ക്കൂട് ഉണ്ടാക്കാന് തീരുമാനിച്ചിരിക്കുന്നത്. രണ്ട് ദിവസംകൂടി കഴിഞ്ഞാല് ക്രിസ്തുമസ്സാണ്. ഞാന് വേഗം എഴുന്നേറ്റ് ഉമ്മറത്തേയ്ക്ക് ചെന്നു. കുറച്ചുകഴിഞ്ഞപ്പോള് ഞാനും ചേട്ടനുംകൂടി പുല്ക്കൂട് ഉണ്ടാക്കാന് തുടങ്ങി. അപ്പോഴാണ് ഞാന് എന്റെ കൂട്ടുകാരനും അയല്ക്കാരനുമായ ജിമ്മിയെ ഓര്ത്തത്. ഞാന് വേഗം അവന്റെ വീട്ടിലേയ്ക്ക് ചെന്നു.

 അവന്റെ വീടിനുപുറത്ത് ആരേയും കണ്ടില്ല. അവന്റെ അനുജത്തിയുടെ കരച്ചില് കേള്ക്കുന്നുണ്ട്. ഞാന് അവന്റെ ആ കൊച്ചുകുടിലിലേയ്ക്ക് കയറിച്ചെന്നു. ജിമ്മിയും അവന്റെ അനുജത്തിയും കൂടി അമ്മയുടെ അടുത്തിരുന്ന് കരയുകയാണ്. ‘‘എന്തിനാടാ ജിമ്മി നിങ്ങള് കരയുന്നത്?” ഞാന് ചോദിച്ചു. ‘‘എന്റെ അമ്മയ്ക്ക് ഒരാഴ്ചയായി പനിയാണ്. എഴുന്നേല്ക്കാന് പോലും സാധിക്കുന്നില്ല.” ‘‘സാരമില്ലെടാ നീ വിഷമിക്കാതിരിക്ക്.” ഞാനവനെ ആശ്വസിപ്പിച്ചിട്ട് വീട്ടിലേയ്ക്ക് മടങ്ങി. മമ്മി അടുക്കളയില് നല്ല തിരക്കിലാണ്. പപ്പയാണെങ്കില് ക്രിസ്തുമസ്സിന് സാധനങ്ങള് വാങ്ങുന്ന തിരക്കിലും. എനിക്കിതെല്ലാം കണ്ടപ്പോള് ദേഷ്യമാണ് തോന്നിയത്. സ്വന്തം അയല്വക്കത്തുള്ള ജിമ്മിയേയും അവന്റെ അമ്മയേയും തിരിഞ്ഞു നോക്കാത്തവര്. അവരോട് സംസാരിക്കുകപോലും ചെയ്യില്ല. ഓ.. അവര് പാവപ്പെട്ടവരല്ലേ. അതുകൊണ്ടാവും. പാവം ജിമ്മി. അവന്റെ അടുക്കളയില് ഒന്നും തന്നെയില്ല. അവന്റെ അമ്മ പണിക്ക് പോയിട്ട് ഒരാഴ്ചയായി. അവന്റെ പപ്പ മരിച്ചുപോയി. അവന് പപ്പയുണ്ടായിരുന്നെങ്കില് ഇത്ര വിഷമമുണ്ടാകുമായിരുന്നില്ല.

ജിമ്മിയുടെ അവസ്ഥ ഞാന് ചേട്ടനോട് പറഞ്ഞു. ‘‘നീ വിഷമിക്കാതിരിക്ക് ഇന്ന് നമുക്ക് പപ്പ വരുന്പോള് പറയാം” ചേട്ടന് പറഞ്ഞു.

പപ്പ രാത്രി വന്നപ്പോള് മൂന്ന് നക്ഷത്രങ്ങള് കൊണ്ടുവന്നു. ഒന്ന് ഉമ്മറത്തും മറ്റേത് മാവിലും തൂക്കിയിട്ടു. ഒരെണ്ണം നാളെയിടാം എന്ന് പറഞ്ഞ് മാറ്റി വെച്ചു. പപ്പയോട് ഞങ്ങള് ജിമ്മിയുടെ കാര്യം പറഞ്ഞു. അവനെ സഹായിക്കാന് പറഞ്ഞ് വാശി പിടിച്ചു. അവസാനം പപ്പ ഞങ്ങളുടെ ആഗ്രഹത്തിന് വഴങ്ങി.

പിറ്റേ ദിവസം പപ്പ വാങ്ങിയ മൂന്നാമത്തെ നക്ഷത്രം അവന്റെ വീട്ടില് ഞങ്ങള് കൊണ്ടുപോയി തൂക്കിയിട്ടു. ഞാനും ചേട്ടനും ജിമ്മിയും അവന്റെ അനുജത്തിയും കൂടി പുല്ക്കൂട് ഉണ്ടാക്കി. അവന്റെ ചെറിയ വീട്ടില് സന്തോഷം ഉണ്ടായി. മമ്മി എന്തൊക്കെയാ അടുക്കളയില് നിന്ന് അവന് എടുത്തുകൊടുത്തു. അന്ന് പപ്പ കുറച്ച് പൈസ എന്റെ കയ്യില് തന്നിട്ട് ജിമ്മിയുടെ വീട്ടില് കൊണ്ടുപോയി കൊടുക്കാന് പറഞ്ഞു. ജിമ്മിയുടെ അമ്മയെ അന്ന് തന്നെ ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങിച്ചു. മരുന്ന് കഴിച്ചുകഴിഞ്ഞപ്പോള് അവന്റ അമ്മയുടെ പനി കുറഞ്ഞു.

ഞങ്ങളെല്ലാവരുംകൂടി പാതിരാകുര്ബ്ബാനയ്ക്ക് പോയി. എനിക്ക് നല്ല സന്തോഷം തോന്നി. തിരിച്ചുവന്ന് ഞാന് ഉണ്ണിയേശുവിനെ എടുത്ത് പുല്ക്കൂട്ടില് വെച്ചു. ഞാന് ജിമ്മിയുടെ വീട്ടിലേയ്ക്ക് നോക്കി. അവര് എല്ലാവരും നല്ല സന്തോഷത്തിലാണ്. എല്ലായിടത്തും സന്തോഷം തന്നെ. പപ്പ കേക്കിന്റെ പൊതി തുറന്നു. ഒരു കേക്ക് ജിമ്മിയുടെ വീട്ടിലും കൊടുത്തു. എല്ലാവരുംകൂടി കേക്ക് മുറിച്ചു.

ഞാന് വെറുതെ എന്റെ പുല്ക്കൂട്ടിലേയ്ക്ക് നോക്കി. എനിക്ക് അത്ഭുതം തോന്നി. ഞാന് കണ്ടത് ശരിയാണോ എന്ന് വീണ്ടും വീണ്ടും നോക്കി. അതെ ഉണ്ണിയേശു എന്നെ നോക്കി ചിരിക്കുന്നു! അതേ എന്റെ ഉണ്ണിയേശു എന്നെ നോക്കി പുഞ്ചിരിച്ചു. ഞാന് ഒന്നുകൂടി നോക്കി. ഞാനും ഉണ്ണിയേശുവിനെ നോക്കി പുഞ്ചിരിച്ചു.

0 Comments