ദാപോയി... ദേവന്നൂ...

സിജോ വര്ഗ്ഗീസ്, ഹോളി ഫാമിലി യൂണിറ്റ് 


ദാപോയി 2013 ദേ വന്നൂ 2014! ഹാ എത്ര വേഗമാണ് ദിവസങ്ങള് കൊഴിഞ്ഞുവീണു പോയത്. ഒന്നു പുറകോട്ട് തിരിഞ്ഞു നോക്കിയേ നടന്നുപോന്ന വഴികളില് നമ്മുടെ കാലടിപാടുകള് ഏതെങ്കിലും അവശേഷിച്ചിട്ടുണ്ടോയെന്ന്. ഒന്നുമില്ല. എന്നാല് ചിലര്ക്കൊക്കെ പറയുവാന് കാണുമായിരിക്കും രണ്ടുകോടിയുടെ വീട് പണിതു, പത്ത് ലക്ഷത്തിന്റെ കാറുവാങ്ങി, 50 സെന്റ് സ്ഥലം വാങ്ങി, 42”ന്റെ ടി. വി. വാങ്ങി. പക്ഷേ ഇവയൊന്നും ശവപ്പെട്ടിയില് കൊള്ളില്ലാട്ടോ. കൊണ്ടുപോകാനും പറ്റില്ല. അതിരൂപതയുടെ പുതിയ നിയമപ്രകാരം സ്ഥിരംകല്ലറയ്ക്കു കാലാവധി നിശ്ചയിച്ചിട്ടുള്ളതിനാല് സ്ഥിരമെന്നു പറയുവാന് സെമിത്തേരിയില് പോലും ആറടി മണ്ണ് കിട്ടില്ല.

ദൈവത്തിനും മനുഷ്യനും വേണ്ടി എന്തെങ്കിലും നന്മകള് ചെയ്തിട്ടുണ്ടെങ്കില് അവ മാത്രമാണ് ഭൂമിയില് നിലനില്ക്കുക. ക്രിസ്തുവിനെപ്പോലെ, അല്ഫോന്സാമ്മയെപ്പോലെ, മദര് തെരസയെപ്പോലെ ഒക്കെ ചരിത്രം രചിക്കേണ്ടവരാണ് ഓരോ ക്രിസ്ത്യാനിയും. അതിനാണ് മാമ്മോദീസ വഴി നാം വിളിക്കപ്പെട്ടിരിക്കുന്നത്. പള്ളിയിലിട്ട പേരുകള് (അന്തോണി, മത്തായി, ത്രേസ്യാ, റീത്ത) പള്ളിയിലുപേക്ഷിച്ച് പകരം സ്വന്തം ജാതിപോലും തിരിച്ചറിയപ്പെടാത്ത പേരുകളുമായാണ് പുതിയ തലമുറ വളര്ന്നു വരുന്നത്.

ഭൂമിയിലെ സകല ജീവജാലങ്ങളിലും വര്ഷാവര്ഷങ്ങളില് പുതിയ മാറ്റങ്ങള് സംഭവിക്കുന്നുണ്ട്. മരങ്ങളില് പുതിയ തൊലികള് രൂപപ്പെടുന്നു. ചില മരങ്ങളാകട്ടെ ഇലകള് മുഴുവന് കൊഴിച്ചുകളഞ്ഞ് പുതിയ ഇലകള് നാന്പെടുക്കുന്നു. പാന്പുകള് പുറം തൊലി ഉരിഞ്ഞുകളഞ്ഞ് പുതിയ തൊലി സ്വീകരിക്കുന്നു ഇവയൊക്കെ പുത്തന് മാറ്റങ്ങള്ക്കുള്ള ഉദാഹരണങ്ങളാണ്. എന്നാല് മനുഷ്യനില് എന്ത് മാറ്റമാണ് നടക്കുന്നത്. സൂര്യന് ഭൂമിക്കു ചുറ്റും കറങ്ങിയാലും അല്ലെങ്കില് ഭൂമി സൂര്യനുചുറ്റും കറങ്ങിയാലും മനുഷ്യന് കറങ്ങുക തന്റെ മതി വരാത്ത മോഹങ്ങളുടേയും ആഗ്രഹങ്ങളുടേയും അമിതമായ പണസന്പാദന മാര്ഗ്ഗങ്ങളുടേയും ചുറ്റുമായിരിക്കും. 2013 ലെ അവസാന ആഴ്ചയില് ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ വക വിലയിരുത്തലുകളും ചര്ച്ചകളും നമുക്കു കേള്ക്കാം. ഈ വര്ഷത്തെ സ്ത്രീപീഡനങ്ങളുടെ എണ്ണവും കൊലപാതകങ്ങളുടെ എണ്ണവും കുട്ടികളുടെ നേരെയുള്ള ലൈംഗികാതിക്രമങ്ങളുടെ കണക്കും മദ്യത്തില് നിന്നും ലോട്ടറിയില് നിന്നും ലഭിച്ച വരുമാന കണക്കുകളും വാഹനാപകട മരണനിരക്കും എല്ലാം വെളിച്ചത്തു വരുന്ന കോലാഹല ചര്ച്ചകള്. എന്തു തന്നെയായാലും ഒരു വര്ഷം കേരളത്തില് എത്ര ഭ്രൂണഹത്യകള് നടന്നു എന്ന കണക്കു മാത്രം വെളിച്ചത്തു വരികയില്ല. ചാനലുകള് ചര്ച്ച ചെയ്യാറുമില്ല. ഭര്ത്താവിന്റെ സ്ഥാനം മൊബൈല് ഫോണിനു കൊടുക്കുന്ന അമ്മമാര് കത്രിച്ചു കളയുന്ന കുഞ്ഞുമാലാഖമാരുടെ ചിറകുകള് ഏകദേശം അയ്യായിരത്തില് കൂടുതല് വരുമെന്നാണ് അനൗദ്യോഗിക കണക്കുകള്! ഓരോ വര്ഷം കഴിയുന്പോഴും മനുഷ്യന് തരംതാഴ്ന്ന് താഴ്ന്ന് വരുന്നു. അവനിലെ നന്മയും സ്നേഹവും എല്ലാം കെട്ടുപോകുന്നു. കാമം, ക്രോധം, ധനം, വഞ്ചന എന്നിവയുടെ മധു നുണഞ്ഞ് ലഹരി പിടിച്ച് അവസാനം മധുകുംഭത്തിലേയ്ക്ക് വീണു പോയ ഈച്ചയെപ്പോലെയാകുന്നു.

ഇങ്ങനെ പോയാല് മതിയോ ഒരു മാറ്റം വേണ്ടതല്ലേ പഴകി നാറുന്ന ഈ പുറം തൊലി ഉരിഞ്ഞ് കളഞ്ഞ് പുതിയ ഒരു തൊലി ധരിക്കാം. പുത്തന് തീരുമാനത്തോടെയും ദൃഡനിശ്ചയത്തോടെയും ലക്ഷ്യബോധത്തോടെയും 2014നെ വരവേല്ക്കാം. ക്രിസ്തുമസ്സിനു മുന്പുള്ള ഈ നോന്പുകാലം പഴയതിനെ ഉരിഞ്ഞു നീക്കാനുള്ള കാലമായി തീരട്ടെ. 2013 ല് എത്ര പേര് ഈ ഭൂമിയില് നിന്നും നമ്മോടു യാത്ര പറഞ്ഞു? നാളെ ആരൊക്കെയാത്രയാകും. പെട്ടന്നൊരുനാള് വിടവാങ്ങുന്പോള് നന്ദി വാക്കു ചൊല്ലുവാന് പോലും സമയം കിട്ടുകയില്ല നമ്മിലാര്ക്കും. സ്വര്ഗ്ഗത്തെ ലക്ഷ്യമാക്കി യാത്ര ചെയ്യുന്ന തീര്ത്ഥാടക സഭയിലെ അംഗങ്ങളാണ് നാം ഓരോരുത്തരും. ഈ ഒരു ബോധ്യത്തോടെ വിശുദ്ധിയില് വളരുകയും പ്രാര്ത്ഥിക്കുകയും ചെയ്തുകൊണ്ട് നമ്മുടെ ജീവിതം മറ്റുള്ളവര്ക്ക് മാതൃകയാക്കുവാനും കാലം എത്ര കഴിഞ്ഞാലും ലോകം ഓര്മ്മിക്കുന്ന നല്ല വ്യക്തിത്വത്തിന് ഉടമകളാകുവാനും നമുക്ക് പരിശ്രമിക്കാം. തിരുപ്പിറവിയുടേയും പുതുവത്സരത്തിന്റേയും മംഗളങ്ങള്.

0 Comments