വി. നിക്കോളാസ് മെത്രാന് (+350)

പാശ്ചാത്യവും പൗരസ്ത്യവുമായ ദൈവാലയങ്ങളിലെല്ലാം ഒരുപോലെ വന്ദിച്ചുപോന്നിരുന്ന ഒരു വിശുദ്ധനാണ് നിക്കോളാസ്. എഷ്യാമൈനറില് ലിസിയോ എന്ന പ്രദേശത്തുള്ള വാതര എന്ന ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ബാല്യം മുതല് വിശുദ്ധന് ബുധനാഴ്ചയും വെള്ളിയാഴ്ചയും ഉപവസിച്ചിരുന്നു. വിശുദ്ധ സീയോനിലെ ആശ്രമത്തില് ചേര്ന്ന നാള് മുതല് എല്ലാ പുണ്യങ്ങളിലും അദ്ദേഹം അഭിവൃദ്ധിപ്പെട്ടുകൊണ്ടിരുന്നു. താമസിയാതെ അവിടത്തെ ആബട്ടായി നിയമിക്കപ്പെട്ടു.

 ദരിദ്രരോടുള്ള സ്നേഹം അദ്ദേഹത്തിന്റെ പ്രധാന ഗുണവിശേഷമായിരുന്നു. ഒരു വീട്ടിലെ മൂന്ന് അവിവാഹിത കന്യകകള് നാശത്തിലേയ്ക്ക് നീങ്ങാനിടയുണ്ടെന്ന് കണ്ടപ്പോള് അവരുടെ വിവാഹത്തിനാവശ്യമായ പണം അദ്ദേഹം ആ വീട്ടില് മൂന്നു പ്രാവശ്യമായി രാത്രിയില് ഇട്ടുകൊടുത്തു. മൂന്നാമത്തെ പ്രാവശ്യം പണമിട്ടുകൊണ്ടുപോയപ്പോള് ഗൃഹനായകന് നിക്കോളാസിനെ കണ്ട് കാല് മുത്തിയിട്ട് ചോദിച്ചു ‘നിക്കോളാസ് അങ്ങ് എന്റെ ഉപകാരിയല്ലേ. അങ്ങല്ലേ എന്റെയും എന്റെ മക്കളുടേയും ആത്മാക്കളെ നരകത്തില് നിന്ന് രക്ഷിച്ചത്.’

ഈ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ക്രിസ്മസ്സ് പാപ്പ അഥവാ സാന്റാക്ലോസ് വി. നിക്കോളാസാണെന്ന് പറയുന്നത്. വിശുദ്ധ സ്ഥലങ്ങളിലേയ്ക്കുള്ള തീര്ത്ഥാടനം കഴിഞ്ഞ് ലിസിയായില് സ്ഥിതി ചെയ്യുന്ന മീറായിലെ ദൈവാലയത്തില് ഒരു ദിവസം രാവിലെ അദ്ദേഹം കയറിചെന്നു. മീറായിലെ ബിഷപ്പ് മരിച്ചശേഷം സ്ഥലത്തെ വൈദികര് തീരുമാനിച്ചിരുന്നു ഒരു നിശ്ചിത ദിവസം ആര് ആദ്യം ദേവാലയത്തില് കയറുന്നുവോ അദ്ദേഹം സ്ഥലത്തെ മെത്രാനായിരിക്കണമെന്ന്. അതനുസരിച്ച് നിക്കോളാസ് മീറായിലെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. 350 ല് അദ്ദേഹം മരിച്ചു. ഇന്നും ബാരിയില് അദ്ദേഹത്തിന്റെ അവശിഷ്ടങ്ങള് അത്ഭുതങ്ങള് പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നു.

‘‘എന്നില് നിന്ന് മനുഷ്യര് വലിയ കാര്യങ്ങള് പ്രതീക്ഷിക്കുന്പോള് എന്റെ ആനന്ദം വലുതാണ്. അവര് പ്രതീക്ഷിക്കുന്നതില് കൂടുതല് ഞാന് അവര്ക്ക് നല്കും.” (കര്ത്താവ് വി. മെക്ടില്ഡായോട് പറഞ്ഞ വാക്കുകള്)

ആരാധനാ മഠം, പാവറട്ടി

0 Comments