പ്രദക്ഷിണവീഥിയില്‍ വിശ്വാസിസഹസ്രങ്ങള്‍ ഭക്തിയുടെ നിറവില്‍ മുങ്ങി.


തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണത്തില്‍ ഭക്തജന സഹസ്രങ്ങള്‍ തിങ്ങിനിറഞ്ഞു. വാദ്യമേളങ്ങളുടെയും  വര്‍ണ്ണമുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ പത്രോസ് ശ്‌ളീഹായുടെയും തിരുസ്വരൂപങ്ങള്‍ പ്രത്യേകം അലങ്കരിച്ച രൂപക്കൂട്ടില്‍ സ്ഥാപിച്ച്  വെള്ളത്തോരണങ്ങളാല്‍ മേലാപ്പു ചാര്‍ത്തിയ പ്രദക്ഷിണവീഥിയിലൂടെ കൊണ്ടുവന്നപ്പോള്‍ തിങ്ങിനിറഞ്ഞ വിശ്വാസിസഹസ്രങ്ങള്‍ ഭക്തിയുടെ നിറവില്‍ മുങ്ങി. 

81 സ്വര്‍ണ്ണ കുരിശുകളുമായി കുടുംബ കൂട്ടായ്മ പ്രസിഡന്റുമാരും യൗസേപ്പിതാവിന്റെ ചിത്രം ആലേഖനം ചെയ്ത വർണ പതാകകളുമായി ഭക്തസംഘടന ഭാരവാഹികളും, ലില്ലിപ്പൂക്കള്‍ കൈകളിലേന്തിയ ബാലികാബാലന്മാരും പ്രദക്ഷിണത്തിന് മാറ്റുകൂട്ടി.  

പ്രദക്ഷിണത്തിനു മുന്നോടിയായി നടന്ന ദിവ്യബലിക്ക്  റവ. ഫാ. സെബി പുത്തൂർ  (വികാരി, മരത്താക്കര)  നേതൃത്വം വഹിച്ചു. പ്രദക്ഷിണച്ചടങ്ങുകള്‍ക്ക് വികാരി ഫാ. ജോണ്‍സൻ അയിനിക്കൽ, ട്രസ്റ്റിമാരായ വി എസ്  സെബി, ഓ.ജെ ജസ്റ്റിൻ, ലെസ്‌ലി ജോസഫ്, ഏ ജെ  ജോയ്,  പബ്‌ളിസിറ്റി കണ്‍വീനര്‍ സൈമൺ നീലംകാവിൽ  എന്നിവര്‍ നേതൃത്വം നല്‍കി.

രാവിലെ 10 നു നടന്ന  ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് തൃശ്ശൂര്‍ ലൂർദ്ദ് കത്തീഡ്രൽ വികാരി ഫാ. ഡേവിസ് പുലിക്കോട്ടില്‍ കാര്‍മികത്വം വഹിച്ചു. 

സന്ദേശം :  റവ. ഫാ. റോയ് വടക്കൻ (വികാരി എറവ്) .

സഹ കാർമ്മികൻ :  റവ ഫാ. ജോയ്സൻ ചെറുവത്തൂർ (പാസ്റ്ററൽ മിനിസ്ട്രി, രാമനാഥപുരം)

വൈകീട്ട് 3 നു തമിഴ് കുര്‍ബ്ബാനയും , രാത്രി 7 നും  ദിവ്യബലിയും നടന്നു.  തുടർന്ന്  വടക്കുഭാഗം വെടിക്കെട്ട് കമ്മറ്റിയും പ്രദക്ഷിണ വെടിക്കെട്ട് കമ്മറ്റിയും സംയുക്തമായി ചേർന്നൊരുക്കിയ മനോഹരമായ വെടിക്കെട്ടും അരങ്ങേറി. തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായി തിങ്കള്‍ മുതല്‍ ശനി വരെ ഉച്ചതിരിഞ്ഞു 5.30 നു പാട്ടുകുർബാനയും അതിനുശേഷം  വിവിധ ആഘോഷപരിപാടികളും തിരുമുറ്റത്ത്  അരങ്ങേറും. മെയ് പതിനഞ്ചിനാണ്‌  തീര്‍ത്ഥകേന്ദ്രത്തിലെ എട്ടാമിടം തിരുനാള്‍.


0 Comments