ദീപാലങ്കാരം മിഴിതുറന്നു; പാവറട്ടി തിരുനാളിന് തുടക്കം

 സാമ്പിള്‍ വെടിക്കെട്ടും തിരുമുറ്റമെഗാ ഫ്യൂഷനും ആവേശമായി 


ആഘോഷമായ കൂടുതുറക്കലും, പ്രധാന വെടിക്കെട്ടും ഇന്ന്  


നേര്‍ച്ചയൂട്ടിന് ശനിയാഴ്ച തുടക്കം


1.5 ലക്ഷം ഒന്നരലക്ഷം പിക്സൽ ബൾബുകൾ  മിഴിതുറന്നതോടെ പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ 146 -ാം മദ്ധ്യസ്ഥ തിരുനാളിന് തുടക്കമായി. ജനസാഗരം ഒഴുകിയെത്തിയതോടെ തിരുസന്നിധി നിറഞ്ഞു. പാവറട്ടി ആശ്രമദേവലായം പ്രിയോര്‍ റവ. ഫാ. ആന്റണി വേലത്തിപറമ്പിൽ  ദീപാലങ്കാര സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.  25 അടി ഉയരമുള്ള വിശുദ്ധ യൗസേപ്പിതാവിന്റെ LED തിരുസ്വരൂപ മാതൃകയുടെ  സ്വിച്ച് ഓണ്‍ മുരളി പെരുനെല്ലി MLA നിർവ്വഹിച്ചു. 


തുടർന്ന്   സാമ്പിള്‍  വെടിക്കെട്ട് വാനില്‍ വിസ്മയം തീര്‍ത്തു. തുടര്‍ന്ന് തെക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ തിരുമുറ്റ മെഗാ ഫ്യൂഷൻ മേളത്തില്‍ പുരുഷാരം തിങ്ങിനിറഞ്ഞു. തീര്‍ത്ഥകേന്ദ്രം കൊടിമരത്തറയില്‍നിന്ന് തീർത്ഥകേന്ദ്രം റെക്ടർ ഫാ. ജോണ്‍സൻ  അയിനിക്കൽ ആശീര്‍വാദത്തോടെ 100 ഓളം കലാകാരന്‍മാര്‍ അണിനിരന്ന മേളത്തിമിര്‍പ്പ് ഭക്തസഹസ്രങ്ങളുടെ മനം കവര്‍ന്നു.


ശനിയാഴ്ച രാവിലെ 10ന്  റവ. ഫാ. ഡേവീസ്  കണ്ണംമ്പുഴ (വികാരി, പാലയൂർ ഫൊറോന)  കാര്‍മ്മികത്വത്തില്‍ നൈവേദ്യപൂജയ്ക്ക് ശേഷം നേര്‍ച്ചഭക്ഷണ ആശീര്‍വാദവും നേര്‍ച്ചയൂട്ടും ഉണ്ടാകും. 1.5  ലക്ഷത്തില്‍പരം ആളുകള്‍ക്കാണ് നേര്‍ച്ചയൂട്ട് ഒരുക്കുന്നത്. നേർച്ചയൂട്ട് ഞായർ ഉച്ചക്ക് 2 മണി വരെ ഉണ്ടാകും 


വൈകീട്ട് 5.30ന് നടക്കുന്ന സമൂഹബലിക്ക് മാർ ജെയ്ക്കബ്ബ് തൂങ്കുഴി (ആർച്ച് ബിഷപ്പ് എമിരറ്റസ്, തൃശ്ശൂർ അതിരൂപത) കാര്‍മ്മികനാകും. തുടർന്ന് തിരുനാള്‍ ആഘോഷത്തിന്റെ പ്രധാന ചടങ്ങായ കൂടുതുറക്കല്‍ ശുശ്രൂഷയും എഴുന്നള്ളിപ്പും നടക്കും. രാത്രി എട്ടിനാണ് പള്ളിവക പ്രധാന വെടിക്കെട്ട്.   


തിരുനാള്‍ ദിവസമായ ഞായറാഴ്ച പുലര്‍ച്ചെ 4.30 മുതല്‍ ഒമ്പത് വരെ തുടര്‍ച്ചയായി ദിവ്യബലി. 9 മണിക്ക് ഇംഗ്ലീഷ് കുർബാന. പത്തിന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാന, മുഖ്യകാർമ്മികൻ :  റവ. ഫാ. ഡേവീസ് പുലിക്കോട്ടിൽ (വികാരി, ലൂർദ്ദ് കത്തീഡ്രൽ, തൃശ്ശൂർ). സന്ദേശം :  റവ. ഫാ. റോയ് വടക്കൻ (വികാരി എറവ്). സഹകാർമ്മികൻ :  റവ ഫാ. ജോയ്സൻ ചെറുവത്തൂർ (പാസ്റ്ററൽ മിനിസ്ട്രി, രാമനാഥപുരം) 3.00 pm  നു തമിഴ് കുർബ്ബാന 4.00 pm : പാട്ടുകുർബ്ബാന, റവ. ഫാ. സെബി പുത്തൂർ  (വികാരി, മരത്താക്കര) തുടർന്ന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം നടക്കും. വൈകീട്ട് ഏഴിനും ദിവ്യബലി. രാത്രി 8ന് വടക്കുഭാഗം വെടിക്കെട്ട് കമ്മറ്റിയും പ്രദക്ഷിണ വെടിക്കെട്ട് കമ്മറ്റിയും സംയുക്തമായി ചേർന്നൊരുക്കുന്ന വെടിക്കെട്ടും അരങ്ങേരുമെന്നു പബ്ലിസിറ്റി കൺവീനർ സൈമൺ നീലംകാവിൽ, മാനേജിങ് ട്രസ്റ്റി സെബി വി എസ് എന്നിവർ അറിയിച്ചു.

0 Comments