കൊടിയേറ്റം മുതല്‍ തിരുനാള്‍ ദിനം വരെ നവനാള്‍ ആചരണം

ദക്ഷിണേന്ത്യയിലെ സുപ്രധാന തീര്‍ഥ കേന്ദ്രമായ പാവറട്ടി സെന്‍റ് ജോസഫ് തീര്‍ഥ കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിന് ഒരുക്കങ്ങള്‍ തുടങ്ങി. തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഏപ്രിൽ  29 ന് തീർത്ഥകേന്ദ്രം റെക്ടർ റവ. ഫാ. ജോൺസൺ അയിനിക്കൽ  കൊടിയേറ്റു കര്‍മം നിര്‍വഹിക്കും. 6, 7 , 8  തീയതികളിലാണ് പ്രസിദ്ധമായ പാവറട്ടി തിരുനാള്‍ ആഘോഷിക്കുന്നത്.

കൊടിയേറ്റം മുതല്‍ തിരുനാള്‍ ദിനം വരെയുള്ള ദിവസങ്ങളില്‍ നവനാള്‍ ആചരണത്തിന്‍റെ ഭാഗമായി മാതാപിതാക്കള്‍, കുട്ടികള്‍, യുവജനങ്ങള്‍, ജീവിതാന്തസില്‍ പ്രവേശിക്കാത്തവര്‍, സമര്‍പ്പിതര്‍, രോഗികള്‍, ദന്പതികള്‍, തൊഴിലാളികള്‍ എന്നിവര്‍ക്കായി പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകള്‍ ഉണ്ടാകും. റവ. ഫാ. ജെൻസ് തട്ടിൽ, റവ. ഫാ. ഡിറ്റോ കൂള, റവ. ഫാ. അലക്സ് മാപ്രാണി, റവ. ഫാ. സിന്റോ പൊറത്തൂർ, റവ. ഫാ. ഡെബിൻ ഒലക്കേങ്കിൽ, റവ. ഫാ.ലിവിൻ ചൂണ്ടൽ എന്നിവര്‍ നവനാള്‍ ആചരണങ്ങള്‍ക്ക് നേതൃത്വം നല്‍കും. മേയ് 6 ന് വൈകീട്ട്  7 നു തെക്കുഭാഗം വെടിക്കെട്ട് കമ്മറ്റിയുടെ തിരുമുറ്റ മെഗാ ഫ്യൂഷൻ  ആരംഭിക്കും. 7.30 pm  ന് ദേവാലയ ദീപാലങ്കാരത്തിന്‍റെ സ്വിച്ച് ഓണ്‍കര്‍മം പാവറട്ടി ആശ്രമാധിപന്‍ റവ. ഫാ. ആന്റണി വേലത്തിപറമ്പിൽ   നിര്‍വഹിക്കും. 

7 ന് രാവിലെ 10 മണിക്കുള്ള നൈവേദ്യപൂജയ്ക്ക് റവ. ഫാ.ഡേവീസ് കണ്ണംമ്പുഴ  മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നേര്‍ച്ചഭക്ഷണ ആശീര്‍വാദവും നേര്‍ച്ചയൂട്ടും ആരംഭിക്കും. ഞായർ ഉച്ചക്ക് 2 വരെ തുടർച്ചയായി ഊട്ടു നടക്കും 

വൈകീട്ട് 5.30ന് നടക്കുന്ന സമൂഹബലിക്ക് അതിരൂപത മുൻ മെത്രാന്‍ മാര്‍ ജേക്കബ് തൂങ്കുഴി മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഭക്തിസാന്ദ്രമായ കൂടുതുറക്കല്‍ ശുശ്രൂഷ നടക്കും. തുടര്‍ന്ന്  തിരുനാൾ  സൗഹൃദ വേദിയുടെ നടക്കൽ മേളം  അരങ്ങേറും. വിവിധ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള വള എഴുന്നള്ളിപ്പുകള്‍ രാത്രി തീര്‍ഥ കേന്ദ്രത്തിലെത്തി സമാപിക്കും.

8  ഞായറാഴ്ച പുലര്‍ച്ചെ 4.30 മുതൽ ഒന്പതുവരെ തീര്‍ഥ കേന്ദ്രത്തില്‍ ദിവ്യബലി ഉണ്ടാകും. 10 നുള്ള ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ഡേവിസ് പുലിക്കോട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. റവ. ഡോ. വിന്‍സന്‍റ് കുണ്ടുകുളം തിരുനാള്‍ സന്ദേശം നല്‍കും.  3 pm തമിഴ് കുർബാന. 4 മണിയുടെ  ദിവ്യബലിയെ തുടര്‍ന്ന് ഭക്തിനിര്‍ഭരവും ആകര്‍ഷകവുമായ തിരുനാള്‍ പ്രദിക്ഷണം . മെയ് 9 മുതൽ മെയ് 14 വരെ എല്ലാദിവസവും 5.30 pm  ദിവ്യബലിയും, രാത്രി 7 മുതൽ 10 വരെ മെഗാ മ്യൂസിക്കൽ നൈറ്റ്,  കലാസന്ധ്യ, തിരുവനന്തപുരം സൗപർണ്ണികയുടെ നാടകം, ഗിന്നസ് സെബാസ്റ്റ്യൻ ജോസഫ് ഇൻട്രുമെന്റൽ ഗാനമേള, മ്യൂസിക് നൈറ്റ് 2022,  സംഗീത കലാവിരുന്ന്-നാടകം എന്നീ സാംസ്ക്കാരികപരിപാടികളും ഉണ്ടായിരിക്കും. 15 നു എട്ടാമിടം. 

തിരുനാളിനോടനുബന്ധിച്ച് ഒന്നര ലക്ഷത്തോളം പേര്‍ക്ക് നേര്‍ച്ച സദ്യ നല്‍കും. കൂടാതെ അരി, അവില്‍ നേര്‍ച്ച പാക്കറ്റുകളും വിതരണം ചെയ്യുന്നുണ്ട്. തിരുനാളിനോടനുബന്ധിച്ചുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  ഡയാലിസിസ് ഫണ്ട് സമാഹരിക്കുകയും സാൻജോസ് ഹോസ്പിറ്റലിൽ പാവപ്പെട്ടവർക്ക് സൗജന്യ ഡയാലിസ് നടത്തും. കൊടിയേറ്റം മുതല്‍ തിരുനാള്‍ ദിനം വരെയുള്ള ദിവസങ്ങളില്‍ തീര്‍ഥകേന്ദ്രത്തിന് കീഴിലുള്ള സാന്‍ജോസ് പരീഷ് ഹോസ്പിറ്റലില്‍ ഡോക്ടര്‍മാരെ കാണുന്നതിന് സൗജന്യമായി ഒപി ടിക്കറ്റും നല്‍കുന്നുണ്ട്.

0 Comments