എല്ലാവര്ക്കും ക്രിസ്മസ്സ് മംഗളങ്ങള്.

‘‘ അത്യുന്നതങ്ങളില് ദൈവത്തിന് മഹത്വം,
ഭൂമിയില് സന്മനസ്സുള്ളവര്ക്കു സമാധാനം”.

ഒരു നാടോടി കഥ ഓര്മ്മ വരുന്നു ജനം രാജാവിനെ കാത്തു നിന്ന കഥ

രാജാവ് പട്ടണത്തിലേയ്ക്ക് എഴുന്നെള്ളുന്നു എന്ന് കേട്ട് പട്ടണവാസികള് തെരുവുകള് അലങ്കരിച്ചു; കമാനങ്ങള് കെട്ടി; ഒരുക്കങ്ങളോടെ കാത്തുനിന്നു. പട്ടാളക്കാര് മാര്ച്ചു ചെയ്ത് കടന്നുപോയി. മഹാരഥന്മാര് സ്ഥാനക്രമത്തില് കടന്നുപോകുന്നു. ‘‘എവിടെ രാജാവ്” ജനം ഒരേ സ്വരത്തില് ചോദിച്ചു. ‘‘പുറകെ വരുന്നു” എന്ന് പറഞ്ഞ് മുന്നിലുള്ളവര് നടന്നുനീങ്ങി. പട്ടുവസ്ത്രം ധരിച്ച് രത്നകിരീടം ചൂടി, സ്വര്ണ്ണത്തേരില് എഴുന്നള്ളുന്ന രാജാവിനെ ജനം ആകംക്ഷയോടെ കാത്തുനില്ക്കുന്പോള് അതാ ഒരു ഭിക്ഷു ജനങ്ങളുടെ നടുവിലൂടെ പതുക്കെപ്പതുക്കെ നടന്നുവരുന്നു. അസ്വസ്ഥരായ ജനം ആ ‘ശകുനം മുടക്കി’യെകണ്ട് കോപാക്രാന്തരായി അയാളെ പിടിച്ച് പുറത്തുകൊണ്ടുപോയി കൊന്നുകളഞ്ഞു.

ഇത്തിരി കഴിഞ്ഞപ്പോള് രാജകിങ്കരന്മാര് ‘‘രാജാവിനെ കണ്ടുവോ” എന്ന് ചോദിച്ചുകൊണ്ട് കടന്നുവന്നു. ‘‘ഇല്ല” ജനക്കൂട്ടം ഒരേ സ്വരത്തില് മറുപടി കൊടുത്തു. ‘‘ഒരു ഭിക്ഷുവിന്റെ വേഷത്തില് അദ്ദേഹം ഇതിലെ വന്നിരുന്നുവല്ലോ.” ജനം ഒന്നാകെ സ്തബ്ദരായി അന്ധാളിച്ചു നിന്നു പോയി.

യേശുവിന്റെ മനുഷ്യാവതാരത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. ഏതെങ്കിലും മണിമാളികയില് പട്ടുമെത്തയില് ശയിക്കേണ്ട കുഞ്ഞ് പക്ഷേ വന്നു പിറന്നത് പുല്ത്തൊഴുത്തില്. വിശുദ്ധ നാട് സന്ദര്ശിച്ച അവസരത്തില് ഗുഹയിലുള്ള ആ തൊഴുത്ത് ഞങ്ങള് കണ്ടിരുന്നു. പരിശുദ്ധരില് പരിശുദ്ധന് പശുവിന് തൊഴുത്തില് ദരിദ്രനായി പിറക്കുമെന്ന് മത പണ്ഡിതന്മാര്ക്കുപോലും പൂര്ണ്ണമായി കണക്കുകൂട്ടി പറയാന് കഴിഞ്ഞില്ല. യേശുവിനെ അറിഞ്ഞുകണ്ടുപിടിച്ചവരാകട്ടെ ആട്ടിടയന്മാരും, കിഴക്കുനിന്നുള്ള ജ്ഞാനികളുമായിരുന്നു. ബിഷപ്പ് ഫുള്ട്ടന് ജെ. ഷീന് അതേക്കുറിച്ച് പറയുന്നതിനങ്ങനെയാണ്. ‘‘വളരെ എളുപ്പത്തില് രണ്ടുകൂട്ടര്ക്കും യേശുവിനെ കണ്ടെത്താന് കഴിഞ്ഞു. ആട്ടിടയന്മാര്ക്ക് തങ്ങള്ക്ക് ഒന്നും അറിഞ്ഞുകൂടെന്ന് അറിയാമായിരുന്നതുകൊണ്ട്; ജ്ഞാനികള്ക്കാകട്ടെ തങ്ങള്ക്കെല്ലാമറിഞ്ഞുകൂടെന്ന തിരിച്ചറിവുകൊണ്ടും.

ക്രിസ്മസ്സിനായി ഒരുങ്ങുന്ന നമുക്ക് രക്ഷകനെ കാത്തിരിക്കാം. കടന്നുവരുന്ന നമ്മുടെ ഇടയിലൂടെ വേഷപ്രച്ഛന്നനായി കടന്നുവരുന്ന യേശുവിനെ കണ്ടെത്തുവാനുള്ള ഉള്ക്കാഴ്ചയും കൃപാവരവും ഏവര്ക്കും ലഭിക്കുമാറാകട്ടെ.

എല്ലാവര്ക്കും ക്രിസ്മസ്സ് മംഗളങ്ങള്.

നിങ്ങളുടെ സ്വന്തം
നോബി അച്ചന്.

1 Comments

  1. ഏവർക്കും ക്രിസ്മസ് ആശംസകൾ. ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാൻ ഞാൻ ഇന്ന് നാട്ടിൽ വരുന്നുണ്ട്.

    ReplyDelete

Please Enter Your Comment