ചാവറയച്ചന്‍റെ ദര്‍ശനങ്ങള്‍ പാഠ്യ പദ്ധതിയില്‍ ഉള്‍ച്ചേര്‍ക്കണമെന്ന് ആര്‍ച്ചുബിഷപ്പ് പൗവ്വത്തില്‍

കേരളത്തില്‍ സാമൂഹ്യ പരിഷ്ക്കരണത്തിന് നേതൃത്വം നല്‍കിയ വാഴ്ത്തപ്പെട്ട കുര്യാക്കോസ് ചാവറയച്ചന്‍റെ സംഭാവനകള്‍ ഇന്നും നടപ്പിലാക്കേണ്ടതാണെന്ന് ഇന്‍ര്‍ ചര്‍ച്ച് കൗണ്‍സില്‍ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ പ്രസ്താവിച്ചു. എ.കെ.സി.സി കുട്ടനാട് മേഖല സംഘടിപ്പിച്ച ചാവറ മഹോത്സവം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് പിന്നോക്ക വിഭാഗങ്ങള്‍ക്കും അധഃകൃതര്‍ക്കും അവസരമുണ്ടാക്കി കൊടുത്ത് സമൂഹത്തെ ഒന്നാകെ വളര്‍ത്തിയെടുത്ത വാഴ്ത്തപ്പെട്ട ചാവറയച്ചന്‍റെ ദര്‍ശനങ്ങളും പ്രവര്‍ത്തനങ്ങളും ഇക്കാലത്തെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. കുടുംബങ്ങളെ ശാക്തീകരിക്കാനും ദൈവാഭിമുഖ്യം വളര്‍ത്താനും ചാവറയച്ചന്‍ ശ്രദ്ധിച്ചിരുന്നു. കുടുംബങ്ങള്‍ നന്നായാലേ രാജ്യത്തെ നന്‍മയിലേക്ക് നയിക്കാനാവൂ എന്ന് അദ്ദേഹം വിശ്വസിച്ചു. 19ാം നൂറ്റാണ്ടില്‍ വിശ്വാസത്തിന്‍റെ സജീവ സാക്ഷിയായിരുന്ന ചാവറയച്ചന്‍റെ ദര്‍ശനങ്ങള്‍ 20ാം നൂറ്റാണ്ടിലും 21ാം നൂറ്റാണ്ടിലും സമൂഹത്തിന് ദിശാബോധം നല്‍കാന്‍ കഴിവുള്ളതാണെന്നും ആര്‍ച്ചുബിഷപ്പ് പവ്വത്തില്‍ അഭിപ്രായപ്പെട്ടു.

0 Comments