യുവജനങ്ങളെ മാര്‍പാപ്പ ബ്രസീലിലേക്ക് ക്ഷണിക്കുന്നു

2013 ജൂലൈ മാസത്തില്‍ ബ്രസീലിലെ റിയോ ഡീ ജനീറോയില്‍ നടക്കുന്ന യുവജനസംഗമത്തിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ യുവജനങ്ങളെ ക്ഷണിക്കുന്നു. ജൂലൈ 23 മുതല്‍ 28വരെ റിയോ ഡി ജനീറോയില്‍ നടക്കുന്ന യുവജനസംഗമത്തില്‍ പങ്കെടുക്കുമെന്ന് മാര്‍പാപ്പ പ്രഖ്യാപിച്ചത് മാര്‍ച്ച് 24ന് വത്തിക്കാന്‍ ചത്വരത്തില്‍ ഹോസാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ നയിക്കുമ്പോഴായിരുന്നു. മാര്‍പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിനെത്തിയ ബ്രസീലിയന്‍ പ്രസിഡന്‍റ് ഡില്‍മാ റൂസ്സോയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലും മാര്‍പാപ്പ ഇക്കാര്യം വ്യക്തമാക്കിയിരുന്നുവെന്ന് പ്രസിഡന്‍റ് അറിയിച്ചു. 
ഞായറാഴ്ച തിരുക്കര്‍മ്മങ്ങള്‍ സമാപിച്ചതിനു ശേഷം നല്‍കിയ ട്വിറ്റര്‍ സന്ദേശത്തിലും മാര്‍പാപ്പ ഇക്കാര്യം ആവര്‍ത്തിച്ചു.“വരുന്ന ജൂലൈ മാസത്തില്‍ റിയോ ഡി ജനീറോയിലേക്കെത്താന്‍ ഞാന്‍ സന്തോഷത്തോടെ കാത്തിരിക്കുകയാണ്. ബ്രസീലിലെ ആ വലിയ നഗരത്തിലായിരിക്കും നമ്മുടെ കൂടിക്കാഴ്ച്ച” എന്നായിരുന്നു പാപ്പയുടെ ട്വീറ്റ്. 
“അക്രമത്തിനും അനീതിയ്ക്കും പാപത്തിനുമെതിരേ നമുക്കൊന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് പറയുന്ന തിന്‍മയുടെ സ്വരത്തെ വിശ്വസിക്കരുത്” എന്നും മാര്‍പാപ്പ ട്വീറ്ററിലൂടെ യുവജനങ്ങളെ ഉത്ബോധിപ്പിച്ചു. 

0 Comments