മെയ് മാസം

മെയ് മാസം മാതാവിനോടുള്ള ഭക്തിയില്‍ വളരുവാന്‍ നമ്മെ ഏറെ സഹായിക്കുന്ന കാലഘട്ടമാണ്. പരിശുദ്ധ മാതാവിന്‍റെ വണക്കമാസം വീടുകളില്‍ ചൊല്ലുന്നത് ഈ മാസത്തിലാണ്. പല നൂറ്റാണ്ടുകളായി നാം തുടര്‍ന്നുപോരുന്ന മരിയന്‍ ഭക്തഭ്യാസങ്ങള്‍ നമ്മെ നയിക്കുന്നത് അവിടുത്തെ പുത്രനായ ഈശോയിലേയ്ക്കാണ്. ഒപ്പം നമ്മുടെ കുടുംബത്തിന്‍റെ സ്നേഹവും കെട്ടുറപ്പും ആഴപ്പെടുന്ന അനുഭവമാണ് നാം ഒരുമിച്ചു കൂടുന്പോള്‍ അനുഭവവേദ്യമാകുന്നത്.
                എന്തുകൊണ്ടാണ് പ. മറിയത്തെ നാം വണങ്ങുന്നത്? വിശേഷ വണക്കത്തിന് അമ്മയെ അര്‍ഹയാക്കുന്നതെന്ത്?
                പ. കന്യകാമറിയം ദൈവമാതാവാണ്. ദൈവപുത്രനായ ഈശോയ്ക്ക് ഉദരത്തിലും ഹൃദയത്തിലും ഇടംകൊടുത്തുകൊണ്ട്, പിതാവായ ദൈവത്തിന്‍റെ തിരുഹിതത്തിന് അടിയറ വെച്ചവളാണ് പ. മറിയം. ദൈവപുത്രനായ ഈശോയെ ഉദരത്തില്‍ വഹിക്കുക മാത്രമല്ല ബാലനായ ഈശോയെ ശുശ്രൂഷിച്ച് വളര്‍ത്തിയവളുമാണ് മറിയം (മത്താ. 1: 1820: 23) അവനില്‍ പൂര്‍ണ്ണമായി വിശ്വസിച്ചവള്‍ (യോഹ 2:25) അവന്‍റെ പരസ്യ ജീവിതത്തെ ജിജ്ഞാസയോടെ വീക്ഷിച്ചവള്‍, ഈശോയുടെ ജീവിതത്തിലുടനീളം  കുരിശുമരണത്തോളം അവള്‍ അവനെ പിന്‍തുടര്‍ന്നു (യോഹ 19: 2526). ഇപ്രകാരം ഈശോയെ ഏറ്റവും അടുത്തറിഞ്ഞവളാണ് പ. കന്യകാമറിയം. അതുകൊണ്ടുതന്നെ വിശേഷ വണക്കത്തിന് അര്‍ഹയുമാണ്. ആദ്യത്തെ ക്രൈസ്തവയും ആദ്യത്തെ സമര്‍പ്പിതയും ആദ്യത്തെ വചനപ്രഘോഷകയും ആദ്യത്തെ മിഷണറിയും പ. മറിയത്തില്‍ സമന്വയിക്കുന്നു. അതുകൊണ്ട് അവളോടുള്ള വണക്കം വിശ്വാസത്തില്‍ കൂടുതല്‍ ആഴപ്പെടുന്നതിന്, കൂടുതല്‍ വളരുന്നതിന,് വിശ്വാസികളായ നമ്മെ സഹായിക്കുന്നു.
                ഈ മെയ് മാസത്തില്‍ മാതാവിനോടുള്ള ഭക്തിയില്‍ വളരുവാന്‍ നമുക്ക് പരിശ്രമിക്കാം. വണക്കമാസ പ്രാര്‍ത്ഥനകള്‍ ദിവസവും ഭവനങ്ങളില്‍ ചൊല്ലുവാനും മാസാവസാനം വണക്കമാസം കാലം കൂടുവാനും പരിശ്രമിക്കാം.
                പ. അമ്മ ഏവരേയും അനുഗ്രഹിക്കട്ടെ.
                                                                ഏറെ സ്നേഹത്തോടെ
                                                                നോബി അച്ചന്‍.



0 Comments