പാവറട്ടി തിരുനാള്‍ ഊട്ടിന് കലവറ ഒരുക്കങ്ങള്‍ തുടങ്ങി

11042008016 by spencerpvt
11042008016, a photo by spencerpvt on Flickr.
സെന്റ് ജോസഫ്‌സ് തീര്‍ത്ഥകേന്ദ്രത്തിലെ വി. യൗസേപ്പിതാവിന്റെ ഊട്ട് തിരുനാളിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഒന്നര ലക്ഷത്തിലധികം പേര്‍ക്കാണ് ഊട്ട്‌സദ്യ ഒരുക്കുന്നത്. ഊട്ടിനാവശ്യമായ വസ്തുക്കള്‍ ഇതിനകംതന്നെ കലവറയില്‍ എത്തി. രണ്ടായിരം കിലോ മാങ്ങ, 220 കിലോ നേന്ത്രക്കായ, മത്തങ്ങ, കുമ്പളങ്ങ, വെണ്ടയ്ക്ക, മതിയായ അരി എന്നിവയും കലവറയിലെത്തി. രാവിലെ പച്ചക്കറികളുടെ വെഞ്ചരിപ്പിനുശേഷം അച്ചാറിനായി മാങ്ങ ചെത്തിത്തുടങ്ങി. സമുദായമഠത്തില്‍ വിജയനാണ് ഊട്ടുശാലയിലെ രുചിവട്ടങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്. അരിവെപ്പിന് നേതൃത്വം നല്കുന്നത് പാവറട്ടി ചേന്ദംകര വീട്ടില്‍ ഗോപിയാണ്. ശനിയാഴ്ച രാവിലെ 10ന് പാവറട്ടി തീര്‍ത്ഥകേന്ദ്രം വികാരി നോബി അമ്പൂക്കന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നൈവേദ്യപൂജ നടക്കും. തുടര്‍ന്ന് നേര്‍ച്ചയൂട്ട് ആശീര്‍വ്വാദവും നേര്‍ച്ചയൂട്ടും ആരംഭിക്കും. ഊട്ടുശാലയില്‍ ഒരേസമയം രണ്ടായിരത്തോളം പേര്‍ക്ക് നേര്‍ച്ചസദ്യ ഉണ്ണാന്‍ സൗകര്യമുണ്ട്. ഊട്ടുസദ്യയ്ക്ക് ചോറ്, സാമ്പാര്‍, ഉപ്പേരി, അച്ചാര്‍ എന്നിവയാണ് വിളമ്പുക. നേര്‍ച്ചഭക്ഷണ വിതരണം ശനിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുവരെ തുടരും. കണ്‍വീനര്‍ കെ.വി. ജോസ്, ടി.എന്‍. ജെയിംസ് എന്നിവരുടെ നേതൃത്വത്തിലാണ് ഊട്ടുസദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്.

തിരുനാള്‍ ഊട്ടിന് എത്താന്‍ കഴിയാത്തവര്‍ക്കായി അരി, അവില്‍, ചോറ് എന്നിവയുടെ നേര്‍ച്ച പാക്കറ്റുകളും തയ്യാറാക്കിയിട്ടുണ്ട്.

0 Comments