വാനില്‍ സൂര്യകാന്തിയും താമരയും വിരിയും

പാവറട്ടി പള്ളി തിരുനാള്‍ എന്നും വെടിക്കെട്ട് പ്രേമികള്‍ക്ക് ഹരമാണ്. വര്‍ഷങ്ങളായി തെക്കുഭാഗവും വടക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയും മത്സരിച്ചാണ് വെടിക്കെട്ട് നടത്താറ്. ഈ ക്രമത്തില്‍ മാറ്റം വന്നെങ്കിലും ഇരുവിഭാഗവും വാനില്‍ വിസ്മയം തീര്‍ക്കാന്‍ പുതുമയാര്‍ന്ന വിഭവങ്ങളുമായാണ് രംഗത്ത് വരുന്നത്. വടക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിക്കും പള്ളിക്കും വേണ്ടി തുടര്‍ച്ചയായി ഒമ്പത് വര്‍ഷം വര്‍ണ്ണമഴ പെയ്യിച്ചിരുന്നത് അത്താണി ജോഫിയായിരുന്നു. അത്താണിയിലുണ്ടായ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് ജോഫി മരണപ്പെട്ടു. ജോഫിയില്ലാതെ പാവറട്ടി തിരുനാളിന് വെടിക്കെട്ട് നടക്കുന്നത് വെടിക്കെട്ട് പ്രേമികള്‍ക്കും സംഘാടകര്‍ക്കും ഒരു നൊമ്പരമാണ്.

വടക്കുഭാഗത്തിനും പള്ളിക്കുംവേണ്ടി ഇത്തവണ വെടിക്കെട്ടിന് നേതൃത്വം നല്‍കുന്നത് കുണ്ടന്നൂര്‍ സുന്ദരാക്ഷനാണ്. കാര്‍ഗില്‍, താമര, വെള്ളി പകിരി, തെങ്ങ്, ജിംകി എന്നിവയാണ് സുന്ദരാക്ഷന്റെ പുതുമയാര്‍ന്ന അമിട്ടുകള്‍. എന്നാല്‍ തെക്കുഭാഗത്തിനുവേണ്ടി കല്ലൂര്‍ കീര്‍ത്തി ഫയര്‍വര്‍ക്‌സിന്റെ ദേവകി രാജനാണ് രംഗത്തുള്ളത്. സില്‍വര്‍ ഗോള്‍ഡും സൂര്യകാന്തിയുമാണ് ഇവരുടെ വേറിട്ട ഇനങ്ങള്‍. ശബ്ദം നന്നേ കുറച്ചാണ് അമിട്ടുകള്‍ ഒരുക്കിയിരിക്കുന്നതെങ്കിലും ഇവ വാനില്‍ വിടര്‍ത്തുന്ന വര്‍ണ്ണക്കൂട്ട് കാണികളുടെ മനംകവരും. ശനിയാഴ്ച വൈകീട്ട് കൂടുതുറക്കലിനുശേഷം പള്ളി വെടിക്കെട്ട് കമ്മിറ്റിയുടെ വെടിക്കെട്ടും ഞായറാഴ്ച പുലര്‍ച്ചെ ഒന്നിന് തെക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ വെടിക്കെട്ടും 12ന് തിരുനാള്‍ പ്രദക്ഷിണത്തോടനുബന്ധിച്ച് നിര്‍മ്മാണത്തൊഴിലാളികളുടെ വെടിക്കെട്ടും രാത്രി 8.30ന് വടക്ക് വിഭാഗത്തിന്റെ വെടിക്കെട്ടും അരങ്ങേറും. വടക്കുഭാഗത്തിന് എന്‍.ജെ. ലിയോ, വി.ജെ. വര്‍ഗ്ഗീസ്, സുബിരാജ് തോമസ് എന്നിവരും തെക്ക് ഭാഗത്തിന് സേവ്യര്‍ കുറ്റിക്കാട്ടും നേതൃത്വം നല്കും.

വെടിക്കെട്ടിനായി പള്ളിനടയില്‍ കുഴികളെടുക്കുന്നു

0 Comments