സാത്താനെ വെറുതെ വിടൂ

ജോയ് പുലിക്കോട്ടില്‍, ഹോളി ഫാമിലി യൂണിറ്റ്

ദൈവം മനുഷ്യനെ ആദവും ഹവ്വയുമായി സൃഷ്ടിച്ചു. സൃഷ്ടികര്‍ത്താവായ ദൈവം അവര്‍ക്ക് വസിക്കാന്‍ ഏദന്‍തോട്ടവും അതില്‍ വിലക്കപ്പെട്ട കനിയും വളര്‍ത്തിയിരുന്നു. നന്മ തിന്മകള്‍ വിവേചിച്ചറിയാനുള്ള ശക്തി ആ പഴം തിന്നാല്‍ നിങ്ങള്‍ക്കും ലഭിക്കുമെന്നുള്ള പ്രലോഭനമാണ് സാത്താന്‍ അവര്‍ക്ക് നല്‍കിയത്. അതിലൂടെ ഹവ്വ തന്‍റെ ഭര്‍ത്താവായ ആദത്തേയും പ്രലോഭനത്തിലേയ്ക്ക് വീഴ്ത്തുകയായിരുന്നു. ഇവിടെ പിശാച് സര്‍പ്പത്തിന്‍റെ രൂപത്തില്‍ വന്നതായി നാം വായിക്കുന്നു. പുരാതന കാലം മുതല്‍ക്കുള്ള ഈ സാത്താന്‍ യഥാര്‍ത്ഥ സാത്താനാണോ അതോ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ കഴിവില്ലാത്ത മനുഷ്യന്‍ തന്‍റേതായ കുറ്റങ്ങള്‍ക്ക് കുറവുകള്‍ക്ക് പരിഹാരമായി മറപിടിച്ചതാണോ ഈ ഓമനപേരില്‍ അറിയുന്ന സാത്താന്‍? ആധുനിക മനുഷ്യനും ഒരു പരിധിവരെ ഈ ചിന്താഗതിക്ക് അടിമയല്ലേ നാം ഒന്ന് വിചിന്തനം ചെയ്യുന്നത് ഈ അവസരത്തില്‍ നല്ലതാണ്.
            ഒരു ചെറിയ ഉദാഹരണത്തിലൂടെ ഇത് സമര്‍ത്ഥിക്കാനാകുമെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് അറിയാവുന്ന എന്‍റെ ഒരു കൂട്ടുകാരനാണ് ജോബിന്‍. ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ അദ്ദേഹത്തിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷമേ ആയിട്ടുള്ളൂ. നല്ല സന്തുഷ്ട കുടുംബം. ഒരു ദിവസം ചെറിയ ഒരു സൗന്ദര്യപിണക്കം. അത് അവര്‍ തമ്മില്‍ അകലാന്‍ ഇടയാക്കി. ജോബിന് വീട്ടില്‍ പോകാന്‍ താല്‍പര്യക്കുറവ്. ജോലി സ്ഥലത്ത് പോലും അത് പ്രതിഫലിക്കാന്‍ തുടങ്ങി. എന്നും ബെഡ് കോഫി കൊണ്ടുവരാറുള്ള ഭാര്യ അത് നിര്‍ത്തലാക്കി. അന്ന് ജോലിക്ക് എത്തിയപ്പോള്‍ സഹ പ്രവര്‍ത്തകയായ ഫ്ളോറി എന്ന പെണ്‍കുട്ടി ജോബിനില്‍ എന്തോ പന്തിക്കേടുണ്ടെന്ന് മനസ്സിലാക്കി.  ചായ കുടിക്കണോ എന്ന് വെറുതെ ചോദിച്ചു. ആ ചോദ്യം കേട്ടപ്പോള്‍ ജോബിന്‍ ചിന്തിച്ച പോയി എന്‍റെ ഭാര്യക്ക് തോന്നാത്തത് ഇവള്‍ക്ക് തോന്നിയല്ലോ. ഒട്ടും ആലോചിക്കാതെ അവന്‍ പറഞ്ഞു.  ‘‘Yes I want a cup of tea.” ഉടനെ മിടുക്കിയായ ഫ്ളോറി ചായയുമായെത്തി. പിന്നെ ചായ കുടിച്ചുകൊണ്ടിരിക്കേ ജോബിന്‍ അറിയാതെ തന്നെ വിട്ടുവിശേഷങ്ങളും മറ്റും കുറച്ചൊക്കെ ഫ്ളോറിയുമായി പങ്കുവെച്ചു. ഓരോ ദിവസവും കഴിയുന്തോറും ഫ്ളോറിയുടെ സാന്നിദ്ധ്യം ജോബിന് കൂടുതല്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി. അവള്‍ക്കും അതുപോലെ  തന്നെ.
            ഇത് എങ്ങനെയാ മണത്തറിയാന്‍ ജോബിന്‍റെ ഭാര്യ മിനിക്ക് സാധിച്ചു. ഈശോയില്‍ പൂര്‍ണ്ണ വിശ്വാസമുള്ള മിനി ഇതിനെ  തടയാനും തന്‍റെ തെറ്റുകള്‍ അദ്ദേഹത്തോട് പറയാനും തീരുമാനിച്ചു. ജോബിനോട് ഫ്ളോറിയുടെ ബന്ധത്തെപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു ‘‘ഏതോ പൈശാചിക ശക്തി എന്നെ അതിന് പ്രേരിപ്പിച്ചു. ഇവിടെ മിനിയുടെ മറുപടി ശ്രദ്ധേയമാണ്. ‘‘ബോധപൂര്‍വ്വമായി സ്വന്തം തെറ്റുകള്‍ മറച്ചുവെയ്ക്കാന്‍ സാത്താനെ മറയാക്കി ഫ്ളോറിയുമായി ബന്ധം വളര്‍ത്തുകയാണ് താങ്കള്‍ ചെയ്തത്. ഇവിടെ സാത്താനല്ല കുറ്റക്കാരന്‍, മറിച്ച് ചേട്ടന്‍ തന്നെയാണ്. അതേ സമയം നമുക്കിടയിലുളള വിടവ് എന്താണെന്ന് പരസ്പരം മനസ്സിലാക്കി അതിനെ അംഗീകരിക്കുകയും ക്ഷമിക്കുകയും ചെയ്താല്‍  തീരാവുന്നതല്ലേ നമ്മുടെ പ്രശ്നം. ഇത് അയാളെ കാര്യമായ വിചിന്തനത്തിന് വഴിയൊരുക്കി. ഇവിടെ തെറ്റുകാരന്‍ സാത്താന്‍ അല്ല മറിച്ച് താന്‍ തന്നെയാണെന്ന് ആയാള്‍ക്ക് ബോധ്യം വന്നു. അദ്ദേഹം തന്‍റെ ഭാര്യയോട് എല്ലാം തുറന്ന് പറയുകയും പരസ്പരം ക്ഷമിക്കുകയും ചെയ്തപ്പോള്‍ അവരുടെ ബന്ധം പൂര്‍വ്വ സ്ഥിതിയിലായി.
            ഇത് തന്നെയല്ലേ ആദവും ഹവ്വയും ഏദനില്‍ ചെയ്തതും. വിലക്കപ്പെട്ട കനി തിന്നരുത് എന്ന കല്‍പനയെ അനുസരിക്കാനുള്ള കഴിവില്ലായ്മയെ ന്യായീകരിക്കാന്‍ കുറ്റം സാത്താന്‍റെ മേല്‍ ആരോപിക്കുന്നു. ഇവിടെ സാത്താന്‍ അല്ല കുറ്റക്കാരന്‍. മറിച്ച് മനുഷ്യന്‍ സ്വയം തെറ്റുകള്‍ക്ക് ഏല്‍പിച്ചു കൊടുക്കുകയാണ്. അതായത് മനുഷ്യന്‍റെ ഉള്ളിലെ വികാരവിചാരങ്ങളാണ് പുറത്തേയ്ക്ക് തെറ്റുകളായി കുറ്റങ്ങളായി പ്രതിഫലിക്കുന്നത്. ഇതിന് വളരെ ഉപോല്‍ബലകമായ ഒരു വചനം മര്‍ക്കോസ് 7: 2122 ല്‍ പറയുന്നു. എന്തെന്നാല്‍ ഉള്ളില്‍ നിന്നാണ് മനുഷ്യന്‍റെ ഹൃദയത്തില്‍ നിന്നാണ് ദുശ്ചിന്ത, പരസംഗം, മോഷണം, കൊലപാതകം, വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നത്. ഈ വചനത്തില്‍ നിന്ന് മേല്‍പറഞ്ഞ വസ്തുതകള്‍ സ്പഷ്ടമാണല്ലോ.
            മറ്റൊരുദാഹരണം നോക്കാം. ഒരു വ്യക്തി പള്ളിയില്‍ പോകാ  നൊരുങ്ങി നില്‍ക്കുന്പോള്‍ ശക്തമായ മഴ പെയ്തു. അയാള്‍ പറയുകയാണ്, ഞാന്‍ പോകാതിരിക്കാന്‍ വേണ്ടി സാത്താന്‍ മഴ പെയ്യിച്ചു. ഇനി ഞാന്‍ പോകുന്നില്ല. ഇവിടെ പള്ളിയില്‍ പോകണമെന്ന് തീവ്രമായി അഗ്രഹിക്കുന്ന വ്യക്തിക്ക് മഴ ഒരു പ്രശ്നമല്ല. ഇവിടെയും കുറ്റക്കാരന്‍ സാത്താന്‍ തന്നെ.
                        ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ മനസ്സിലെ ഹൃദയവികാരങ്ങളെ പവിത്രീകരിക്കുന്പോള്‍ യേശുവിനെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്പോള്‍ നാം പൂര്‍ണ്ണരാകുന്നു. പരിശുദ്ധാത്മാവിനാല്‍ നിറയുന്നു. എല്ലാറ്റിലും നന്മ കാണാന്‍ കഴിയുന്നു. ഒരു ചെറിയ സംഭവം കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഒരു ജയിലിലെ ഒരേ മുറിയില്‍ താമസിക്കുന്ന രണ്ടു വ്യക്തികള്‍ അവര്‍ ഒരു രാത്രിയില്‍ ജനലിലൂടെ പുറത്തേയ്ക്ക് നോക്കിയപ്പോള്‍ തങ്ങളുടെ മുന്നില്‍ ദൂരെയായി നിശ്ചലമായികിടക്കുന്ന ജലായശത്തില്‍ ഒരുവന്‍ തവളകളേയും പാന്പുകളേയും ഇരുട്ടിനേയും കാണുന്പോള്‍ അപരന്‍ കാണുന്നത് ആകാശനക്ഷത്രങ്ങളേയും പ്രകാശം ചൊരിയുന്ന പൗര്‍ണ്ണമി ചന്ദ്രനേയുമാണ്.
                        ഈ കാഴ്ചപ്പാട് രണ്ടുപേരുടേയും മനസ്സിന്‍റെ ഉള്ളിന്‍റെ ഉള്ളിലെ നന്മയുടേയും തിന്മയുടേയും നിറവിനെയാണ് സൂചിപ്പിച്ചിരിക്കുന്നതെന്ന് പറയേണ്ടതില്ലല്ലോ. ക്രിസ്തുവിനോടൊപ്പം കുരിശില്‍ തറച്ച രണ്ടു കള്ളന്മാരുടേയും ഹൃദയവികാരങ്ങളും മേല്‍ പറഞ്ഞ വസ്തുതയെ വെളിപ്പെടുത്തുന്നതാണ്. ഒരുവന്‍  യേശുവിനെ നിന്ദിക്കുന്പോള്‍ അപരന്‍ സ്തുതിക്കുന്നു. അതുകൊണ്ട് മനസ്സിന് ഇരുട്ടിനെ വെളിച്ചമാക്കാനും വെളിച്ചത്തെ ഇരുട്ടാക്കാനും നന്മയെ തിന്മയാക്കാനും തിന്മയെ നന്മയാക്കാനും ദൈവത്തെ സാത്താനാക്കാനും സാത്താനെ ദൈവമാക്കാനും സാധിക്കുന്നു. വിവേചനാശക്തി നഷ്ടപ്പെട്ട മനുഷ്യനാണ് ഇതിന് ശ്രമിക്കുന്നത്. അതുകൊണ്ട് നല്ല മനുഷ്യരായ നമ്മള്‍ പ്രകാശത്തെ സ്നേഹിച്ച് യേശുവിനെ സ്നേഹിച്ച് തന്‍റേതായ തെറ്റുകള്‍ക്ക് സാത്താനെ പഴിചാരാതെ സ്വയം തിരുത്തികൊണ്ട് ജീവിതത്തില്‍ മുന്നേറുക. അങ്ങനെ ഈ ക്രിസ്മസ്സ് രാത്രിയില്‍ ഉണ്ണിയേശു നമ്മുടെ ഹൃദയമാകുന്ന പുല്‍ക്കൂടില്‍ പിറക്കാനും ആ യേശുവിന്‍റെ പ്രകാശത്തില്‍ ചരിക്കാനും നമുക്ക് ഇടയാകട്ടെ.

0 Comments