ആത്മീയ ചൈതന്യം പകര്‍ന്ന പാവറട്ടി തിരുനാളിന് പ്രൗഢഗംഭീര പരിസമാപ്തി


തീര്‍ഥാടകര്‍ക്ക് ആത്മീയചൈതന്യം പകര്‍ന്ന പാവറട്ടി സെന്‍റ് ജോസഫ്സ് തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ 135-ാം മാധ്യസ്ഥ തിരുനാളിന് പ്രൗഢഗംഭീരമായ പരിസമാപ്തി. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെ വെള്ളിവര്‍ണ്ണ തോരണങ്ങള്‍ മേലാപ്പുചാര്‍ത്തിയ പ്രദക്ഷിണ വീഥിയിലൂടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചു നടത്തിയ തിരുനാള്‍ പ്രദക്ഷിണത്തില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കുചേര്‍ന്നു.

തിരുനാള്‍ പ്രദക്ഷിണം സമാരംഭിക്കുന്പോള്‍ പാവറട്ടിയിലെ സിമന്‍റ്, പെയിന്‍റ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ദേവാലയസന്നിധിയില്‍ വെടിക്കെട്ട് നടന്നു. തിരുനാള്‍ പ്രദക്ഷിണം പള്ളിനടയിലെ വിശുദ്ധ അന്തോണീസിന്‍റെ കപ്പേളയിലെത്തി തിരിച്ച് തീര്‍ഥകേന്ദ്രത്തില്‍ സമാപിച്ചു. ഇന്നലെ രാവിലെ നടന്ന ആഘോഷമായ തിരുനാള്‍ ഗാനപൂജയ്ക്ക് ഫാ. ഡേവീസ് പുലിക്കോട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. റവ. ഡോ. വിന്‍സന്‍റ് കുണ്ടുകുളം തിരുനാള്‍ സന്ദേശം നല്‍കി.

ഫാ. അനീഷ് ചെരുപറന്പില്‍ സഹകാര്‍മികനായിരുന്നു. കമനീയമായി അലങ്കരിച്ച തീര്‍ഥകേന്ദ്രം മുഖമണ്ഡപത്തില്‍ പ്രതിഷ്ഠിച്ച വിശുദ്ധന്‍റെ തിരുസ്വരൂപം ദര്‍ശിക്കുന്നതിനും അനുഗ്രഹങ്ങള്‍ യാചിക്കുന്നതിനും നന്ദി പറയുന്നതിനുമായി ഭക്തജനങ്ങളുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു.

ശനിയാഴ്ച രാവിലെ നൈവേദ്യപൂജയോടെ ആരംഭിച്ച ഊട്ടുസദ്യ ഞായറാഴ്ച ഉച്ചവരെയും തുടര്‍ന്നു.

ഒന്നര ലക്ഷത്തോളം വിശ്വാസികള്‍ വിശുദ്ധന്‍റെ നേര്‍ച്ചസദ്യയില്‍ പങ്കുചേര്‍ന്നു. ഇന്നലെ രാത്രി നടന്ന തെക്ക് വിഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ കരിമരുന്ന് കലാപ്രകടനം തിരുനാളിന് എത്തിയവര്‍ക്ക് ദൃശ്യവിരുന്നായി. എട്ടാമിടം തിരുനാള്‍ 22ന് ആഘോഷിക്കും.

0 Comments