അനുഗ്രഹം തേടി പാവറട്ടി തിരുനാളിനു പതിനായിരങ്ങള്‍



പാവറട്ടി: ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ പാവറട്ടി സെന്‍റ് ജോസഫ് തീര്‍ഥ കേന്ദ്രത്തിലെ അനുഗ്രഹ ദായകനായ
വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിന് വിശ്വാസതീക്ഷണതയോടെ പതിനായിരങ്ങളെത്തി.

ഇന്നലെ ഉച്ചകഴിഞ്ഞ് അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ ഭക്തിസാന്ദ്രമായ കൂടുതുറക്കല്‍ തിരുകര്‍മ്മങ്ങള്‍ നടന്നു. അള്‍ത്താരയുടെ മുകളില്‍ സ്ഥാപിച്ചിട്ടുള്ള വിശുദ്ധന്‍റെ രൂപകൂട് തുറന്നതോടെ പള്ളിക്കകവും പരിസരവും വിശുദ്ധ യൗസേപ്പിതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്ന പ്രാര്‍ഥനാ മന്ത്രത്താല്‍ മുഖരിതമായി. പിന്നീട് വിശുദ്ധ യൗസേപ്പിതാവ്, പരിശുദ്ധ കനികാമറിയം, വിശുദ്ധ പത്രോസ് ശ്ലീഹ എന്നിവരുടെ തിരുസ്വരൂപങ്ങള്‍ ദേവാലയ മുഖമണ്ഡപത്തില്‍ പ്രത്യേകം അലങ്കരിച്ച രൂപകൂടില്‍ ഭക്തജനങ്ങള്‍ക്ക് പൊതുവണക്കത്തിനായി സ്ഥാപിച്ചു. ഭക്തിസാന്ദ്രമായ കൂടുതുറക്കല്‍ ശുശ്രൂഷയ്ക്കുശേഷം തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അന്പൂക്കന്‍ പള്ളി വെടിക്കെട്ട് കണ്‍വീനര്‍ സുബിരാജ് തോമസിന് യോഗ തിരി കൈമാറിയതോടെ വെടിക്കെട്ടിന് തുടക്കമായി. ആകാശത്ത് വര്‍ണപുഷ്പങ്ങള്‍ വിരിയിച്ച വെടിക്കെട്ട് ആരംഭിക്കും മുന്നേ പള്ളിയും പരിസരവും ജനനിബിഡമായിരുന്നു.

ഇന്നലെ രാവിലെ തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അന്പൂക്കന്‍ നൈവേദ്യ പൂജ നടത്തി നേര്‍ച്ച ഭക്ഷണം ആശീര്‍വദിച്ചതോടെ ഊട്ടുസദ്യ ആരംഭിച്ചു. ഒരേസമയം ഊട്ടുശാലയില്‍ 2000ത്തോളം പേര്‍ക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഊട്ടുശാലയില്‍ ഒരുക്കിയിട്ടുണ്ട്. വിവിധ ഷിഫ്റ്റുകളിലായി 500ഓളം വളണ്ടിയര്‍മാരും ഭക്ഷണ വിതരണത്തിനുണ്ട്. ഊട്ടുസദ്യ വിതരണം ഇന്ന് ഉച്ചയ്ക്ക് മൂന്നുവരെ തുടരും.

വിവിധ കുടുംബ യൂണിറ്റുകളില്‍ നിന്നുള്ള വള എഴുന്നള്ളിപ്പുകള്‍ രാത്രി 12ഓടെ ദേവാലയത്തിലെത്തി സമാപിച്ചപ്പോള്‍ ഡേവിസ് പുത്തൂര്‍ നേതൃത്വം നല്കുന്ന വടക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിമരുന്ന് കലാപ്രകടനം അരങ്ങേറി. പള്ളി വെടിക്കെട്ട് കമ്മിറ്റിക്കുവേണ്ടി കുണ്ടന്നൂര്‍ സുന്ദരാക്ഷനും വടക്കുഭാഗം കമ്മിറ്റിക്കുവേണ്ടി അത്താണി ജോഫിയുമാണ് കരിമരുന്ന് കലാപ്രകടനം കാഴ്ചവച്ചത്. തിരുനാള്‍ ദിവസമായ ഇന്ന് പുലര്‍ച്ചെ മൂന്നുമുതല്‍ രാവിലെ ഒന്പതുവരെ തുടര്‍ച്ചയായി ദിവ്യബലി ഉണ്ടായിരിക്കും. രാവിലെ 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്കു ഫാ. ഡേവിസ് പുലിക്കോട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. റവ. ഡോ. വിന്‍സന്‍റ് കുണ്ടുകുളം തിരുനാള്‍ സന്ദേശം നല്കും. ഫാ. അനീഷ് ചെരുപറന്പില്‍ സഹകാര്‍മികനായിരിക്കും. തുടര്‍ന്ന് വാദ്യമേളങ്ങളുടെയും മുത്തുകുടകളുടെയും അകന്പടിയോടെ കമനീയമായി അലങ്കരിച്ച പ്രദക്ഷിണവീഥിയില്‍ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ടു തിരുനാള്‍ പ്രദക്ഷിണം നടക്കും.

വൈകീട്ട് ഏഴിനുള്ള ദിവ്യബലിയെ തുടര്‍ന്ന് രാത്രി 8.30ന് സേവ്യര്‍ കുറ്റിക്കാട്ടില്‍ നേതൃത്വം നല്കുന്ന തെക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ കരിമരുന്ന് കലാപ്രകടനം അരങ്ങേറും. വടകര രാജനാണ് തെക്കുഭാഗം കമ്മിറ്റിക്കുവേണ്ടി കരിമരുന്നില്‍ കലാവിരുത് പ്രകടമാക്കുന്നത്.

പോലീസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ എസ്. ശശിധരന്‍ ഗുരുവായൂര്‍ സിഐ എസ്. സുനില്‍കുമാര്‍, പാവറട്ടി എസ്ഐ പി.വി. രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വോളണ്ടിയര്‍ ക്യാപ്റ്റന്‍ സി.വി. സേവ്യറിന്‍റെ നേതൃത്വത്തിലുള്ള 1501 അംഗ വോളണ്ടിയര്‍ സേനയും മുല്ലശേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ സൂപ്രണ്ട് ഡോ. ബീന മൊയ്തിന്‍റെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് സംഘവും വൈദ്യുതി വകുപ്പ് അധികൃതരും സേവന സന്നദ്ധരായി ദേവാലയ പരിസരത്ത് ക്യാന്പ് ചെയ്ത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

0 Comments