ത്യജിക്കാനുള്ള തൃഷ്ണ ദൈവീകം: എം.ലീലാവതി

ദൈവം പരമമായ ദാനവും ത്യാഗവുമാണെന്നും ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതാണ് ദൈവീക ഭാവമെന്നും പ്രഫ.എം.ലീലാവതി. ജൂബിലി മിഷന് മെഡിക്കല് കോളജിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച ഫാ. ഡാമിയന് അനുസ്മരണത്തില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്. നശിക്കാനുള്ളതാണ് ദേഹമെന്ന ആത്മീയ ജ്ഞാനത്തില്നിന്ന് സ്വന്തം ശരീരത്തെ കുഷ്ഠരോഗികള്ക്കുവേണ്ടി സമര്പ്പിച്ച ഫാ. ഡാമിയന് മനുഷ്യരൂപം പ്രാപിച്ച ദൈവമാണ്. ത്യാഗത്തില് മരിക്കുന്നവര് ദൈവമായി പുനര്ജന്മം പ്രാപിക്കുന്നു എന്നതിന്റെ തെളിവാണ് ഫാ. ഡാമിയന് വൈകിയാണെങ്കിലും വിശുദ്ധ പദവിയിലെത്തുന്നത്.

ഭുജിക്കുക എന്നതു ശീലമാക്കിയ ആധുനികലോകം വല്ലപ്പോഴെങ്കിലും ത്യജിക്കാന് പഠിക്കണമെന്ന് ലീലാവതി ടീച്ചര് അഭിപ്രായപ്പെട്ടു. ആര്ച്ച്ബിഷപ് എമരിറ്റസ് മാര് ജേക്കബ് തൂങ്കുഴി ഉദ്ഘാടനം ചെയ്തു. ജൂബിലി മിഷന് മെഡിക്കല് കോളജ് ഡയറക്ടര് ഫാ. ഡോ. ഫ്രാന്സിസ് ആലപ്പാട്ട് അധ്യക്ഷത വഹിച്ചു.

ജൂബിലി മിഷന് ആശുപത്രിയിലെ ഒരു വാര്ഡിന് ഡാമിയന് എന്ന പേരു നല്കി. പ്രിന്സിപ്പല് ഡോ. വി.കെ.രാമന്കുട്ടി, ഡേവിസ് കണ്ണനായ്ക്കല്, ഡോ. സി.വി.ആന്ഡ്രൂസ്, ഫാ. പോള് പുളിക്കന് എന്നിവര് പ്രസംഗിച്ചു. ഫാ. ഡാമിയന്റെ ചിത്രത്തിനുമുന്പില് സദസ് പുഷ്പാഞ്ജലിയര്പ്പിച്ചു. ഉച്ചയ്ക്ക് വിവിധ മതനേതാക്കളും പൗരപ്രമുഖരും രോഗികളോടൊപ്പം സമൂഹസദ്യയില് പങ്കെടുത്തു. അതിരൂപത ചാന്സലര് ഡോ. റാഫേല് ആക്കാമറ്റത്തില് രോഗികള്ക്കായി ദിവ്യബലിയര്പ്പിച്ചു. വിശുദ്ധന്റെ ബഹുമാനാര്ഥം ഇന്നലെയും ഇന്നുമായി 150 ഡയാലിസിസ് സൗജന്യമായി നടത്തും.

0 Comments