നോമ്പുകാല സന്ദേശം


പ്രിയ സഹോദരീ സഹോദരന്മാരേ,

നോമ്പുകാലം അടുത്തുവരുന്ന ഈ സന്ദര്‍ഭത്തില്‍ വ്യക്തികളെന്ന നിലയിലും സമൂഹമെന്ന നിലയിലും നമ്മള്‍ കടന്നുപോകേണ്ട പരിവര്‍ത്തനത്തെക്കുറിച്ച്‌ ഏതാനും ചിന്തകള്‍ പങ്കുവയ്‌ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇവിടെ എന്നെ പ്രചോദിപ്പിക്കുന്നത്‌ വി.പൗലോസിന്റെ വാക്കുകളാണ്‌. “നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ കൃപ നിങ്ങള്‍ക്ക്‌ അറിയാവുന്നതാണല്ലോ? സമ്പന്നനായിരുന്നെങ്കിലും അവിടുന്ന്‌ നമ്മെപ്രതി ദാരിദ്ര്യം ഏറ്റെടുത്തു. അവിടുത്തെ ദാരിദ്ര്യം വഴി നാം സമ്പന്നാരാകാന്‍ വേണ്ടി.” കൊറിന്തിലെ ക്രിസ്‌ത്യാനികള്‍ക്കായി അപ്പസ്‌തോലന്‍ എഴുതിയ ഈ കത്തിന്റെ ഉദ്ദേശ്യം ജറുസലേമിലെ ദരിദ്രരെ സഹായിക്കാന്‍ അവരെ പ്രചോദിപ്പിക്കുകയായിരുന്നു. ഇന്നത്തെ ക്രിസ്‌ത്യാനികള്‍ക്ക്‌ വി.പൗലോസിന്റെ വാക്കുകള്‍ നല്‍കുന്ന സന്ദേശം എന്താണ്‌? ദാരിദ്ര്യത്തിലേക്ക്‌, സുവിശേഷാത്മകമായ ദാരിദ്ര്യത്തിലേക്കുള്ള ക്ഷണത്തിന്‌ ഈ കാലഘട്ടത്തില്‍ എന്തര്‍ത്ഥമാണുള്ളത്‌?

ക്രിസ്‌തുവിന്റെ കൃപ

ആദ്യമായി, ദൈവം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നാണ്‌ പൗലോസ്‌ കാണിച്ചു തരുന്നത്‌. ലൗകികശക്തിയും സമ്പത്തുമല്ല, ബലഹീനതയും ദാരിദ്ര്യവും ധരിച്ചാണ്‌ അവിടുന്ന്‌ സ്വയം വെളിപ്പെടുത്തുന്നത്‌. “സമ്പന്നനനായിരുന്നെങ്കിലും നിങ്ങള്‍ക്കുവേണ്ടി അവിടുന്ന്‌ ദരിദ്രനായി തീര്‍ന്നു…” ശക്തിയിലും മഹത്വത്തിലും ദൈവതുല്യനും ദൈവപുത്രനുമായ ക്രിസ്‌തു സ്വയം ദാരിദ്ര്യം തെരഞ്ഞെടുത്തു. അവിടുന്ന്‌ നമുക്കിടയില്‍ വന്ന്‌ നമുക്കോരോരുത്തര്‍ക്കും സമീപസ്ഥനായി. തന്റെ മഹത്വം മാറ്റിവച്ച്‌ സ്വയം ശൂന്യനായി, എല്ലാ കാര്യത്തിലും നമ്മെപ്പോലെയായി മാറി.

ദൈവം മനുഷ്യനാവുക എന്നത്‌ വലിയൊരു രഹസ്യമാണ്‌! എന്നാല്‍, ഇതിനെല്ലാം പ്രേരകശക്തിയായത്‌ അവിടുത്തെ സ്‌നേഹമാണ്‌. കൃപാപൂര്‍ണവും ഔദാര്യപൂര്‍വവുമായ സ്‌നേഹം. തന്റെ അടുത്തേക്ക്‌ വരാന്‍ ആഗ്രഹിക്കുന്ന, പ്രിയപ്പെട്ടവര്‍ക്കായി ആത്മാര്‍പ്പണം ചെയ്യാന്‍ മടിക്കാത്ത സ്‌നേഹം. എല്ലാ കാര്യങ്ങളും പ്രിയരുമായി പങ്കുവയ്‌ക്കുന്നതാണ്‌ ഉപവി. സ്‌നേഹം നമ്മെ ഒരുപോലെയുള്ളവരും തുല്യരുമാക്കുന്നു. മതിലുകള്‍ തകര്‍ത്ത്‌ അത്‌ ദൂരങ്ങള്‍ നീക്കുന്നു. നമ്മോട്‌ ദൈവം ഇപ്രകാരമാണ്‌ ചെയ്‌തത്‌. യേശു തീര്‍ച്ചയായിട്ടും മനുഷ്യകരങ്ങള്‍ കൊണ്ടാണ്‌ പ്രവര്‍ത്തിച്ചത്‌, മനുഷ്യമനസ്സുകൊണ്ടാണ്‌ ചിന്തിച്ചത്‌, മാനുഷിക രീതിയിലുള്ള തെരഞ്ഞെടുപ്പുകളാണ്‌ നടത്തിയത്‌. മനുഷ്യഹൃദയംകൊണ്ടാണ്‌ സ്‌നേഹിച്ചത്‌. പരിശുദ്ധ കന്യകാമറിയത്തില്‍ നിന്നു പിറന്ന ക്രിസ്‌തു പാപമൊഴികെ എല്ലാ കാര്യങ്ങളിലും അക്ഷരാര്‍ത്ഥത്തില്‍ നമ്മെപ്പോലെ തന്നെയായി മാറി.

സ്വയം ദരിദ്രനായി തീര്‍ന്നപ്പോള്‍ ക്രിസ്‌തു ദാരിദ്ര്യത്തെ അതിനുവേണ്ടിത്തന്നെ സ്വീകരിക്കുകയായിരുന്നില്ല. മറിച്ച്‌, വി. പൗലോസ്‌ പറയുന്നതുപോലെ ‘അവന്റെ ദാരിദ്ര്യം വഴി നാം സമ്പന്നരാകാന്‍വേണ്ടിയാണത്‌.’ ഇത്‌ വെറും വാക്കുകളുടെ കളിയല്ല. ദൈവത്തിന്റെ യുക്തി, സ്‌നേഹത്തിന്റെ യുക്തി, ഇതിലാണ്‌ അടങ്ങിയിരിക്കുന്നത്‌ മനുഷ്യാവതാരത്തിന്റെയും കുരിശിന്റെയും യുക്തി ഇതാണ്‌. സമ്പന്നരായ ചില മനുഷ്യസ്‌നേഹികള്‍ ചെയ്യുന്നതുപോലെ. അവിടുന്ന്‌ ആകാശത്തുനിന്ന്‌ രക്ഷ താഴേക്കിട്ട്‌ തരികയായിരുന്നില്ല. വ്യത്യസ്‌തമാണ്‌ ക്രിസ്‌തുവിന്റെ സ്‌നേഹം!

യേശു യോര്‍ദ്ദാന്‍ നദിയില്‍ ഇറങ്ങിയതും സ്‌നാപക യോഹന്നാനില്‍ നിന്ന്‌ ജ്ഞാനസ്‌നാനം സ്വീകരിച്ചതും അവിടുത്തേക്ക്‌ മാനസാന്തരത്തിന്റെ ആവശ്യമുണ്ടായിരുന്നതുകൊണ്ടല്ല. മറിച്ച്‌ പാപമോചനം ആവശ്യമുള്ളവര്‍ക്കൊപ്പവും, പാപികളായ നമുക്കൊപ്പവും, സ്വയം ആയിത്തീരുന്നതിനും നമ്മുടെ പാപഭാരം സ്വന്തം ചുമലില്‍ ഏറ്റെടുക്കുന്നതിനും വേണ്ടിയായിരുന്നു അത്‌. ഇപ്രകാരം, നമ്മെ സമാശ്വസിപ്പിക്കാനും രക്ഷിക്കാനും നമ്മുടെ ദുരവസ്ഥയില്‍ നിന്നു നമ്മെ മോചിപ്പിക്കാനും അവിടുന്ന്‌ തിരുമനസ്സായി.

ക്രിസ്‌തുവിന്റെ സമ്പന്നതയാലല്ല, അവിടുത്തെ ദാരിദ്ര്യത്താലാണ്‌ നമ്മള്‍ വിമോചിതരായതെന്ന അപ്പോസ്‌തലന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്‌. അതേ സമയം തന്നെ ‘ക്രിസ്‌തുവിന്റെ’ അപാരമായ സമ്പന്നതയെക്കുറിച്ചും അവിടുന്ന്‌ ‘സകലത്തിന്റെയും അവകാശി’ ആണെന്നതിനെക്കുറിച്ചും പൗലോസിന്‌ നല്ല ബോധ്യമുണ്ടായിരുന്നു.

നമ്മെ വിമോചിപ്പിക്കുകയും സമ്പന്നരാക്കുകയും ചെയ്യുന്ന ക്രിസ്‌തുവിന്റെ ആ ദാരിദ്ര്യം എന്താണ്‌? ക്രിസ്‌തു നമ്മെ സ്‌നേഹിക്കുന്ന രീതിയാണത്‌. വഴി മദ്ധ്യേ ആക്രമിക്കപ്പെട്ട മനുഷ്യന്‌ നല്ല സമരിയാക്കാരന്‍ ആയിത്തീര്‍ന്നതുപോലെ ക്രിസ്‌തു നമുക്ക്‌ അയല്‍ക്കാരനാകുന്നതാണത്‌. അവിടുത്തെ സ്‌നേഹത്തിന്റെ അനുകമ്പയും ആര്‍ദ്രതയും സഹാനുഭാവവും ആണ്‌ നമുക്ക്‌ യഥാര്‍ത്ഥമായ സ്വാതന്ത്ര്യവും രക്ഷയും ആനന്ദവും നല്‍കുന്നത്‌. ദൈവത്തിന്റെ അനന്തമായ കരുണ പ്രകാശിപ്പിക്കുന്നതിനായി നമുക്കായി മനുഷ്യാവതാരം ചെയ്‌ത്‌ നമ്മുടെ പാപങ്ങളും ബലഹീനതകളും സ്വയം ഏറ്റുവാങ്ങിയതു വഴിയാണ്‌ ക്രിസ്‌തുവിന്റെ ദാരിദ്ര്യം നമ്മെ സമ്പന്നരാക്കുന്നത്‌. അവിടുത്തെ ദാരിദ്ര്യമാണ്‌ നമ്മുടെ ഏറ്റവും വലിയ നിധി.

പിതാവായ ദൈവത്തിലുള്ള പരിധിയില്ലാത്ത വിശ്വാസത്തിലാണ്‌, നിരന്തരമായ ആശ്രയത്തിലാണ്‌, സഭാപിതാവിന്റെ തിരുവിഷ്‌ടം നിറവേറ്റി അവിടുത്തേക്ക്‌ മഹത്വം നല്‍കാനുള്ള ആഗ്രഹത്തിലാണ്‌ ക്രിസ്‌തുവിന്റെ സമ്പന്നത കുടികൊള്ളുന്നത്‌. തന്റെ മാതാപിതാക്കളെ സ്‌നേഹിക്കുകയും അവരുടെ സ്‌നേഹം അനുഭവിക്കുകയും ചെയ്യുന്ന, ഒരു നിമിഷംപോലും ആ സ്‌നേഹത്തെ സംശയിക്കാതിരിക്കുകയും ചെയ്യുന്ന ഒരു കുഞ്ഞ്‌ എങ്ങനെ സമ്പന്നനായിരിക്കുന്നോ അപ്രകാരമാണ്‌ ക്രിസ്‌തുവിന്റെ സമ്പന്നത. പുത്രനായിരിക്കുന്നതാണ്‌ ക്രിസ്‌തുവിന്റെ സമ്പന്നത. ദരിദ്രനായ മിശിഹായുടെ പരമോന്നതമായ സവിശേഷാധികാരം പിതാവിനോടുള്ള അവിടുത്തെ അതുല്യമായ ബന്ധമാണ്‌.

‘വഹിക്കാന്‍ എളുപ്പമുള്ള തന്റെ നുകം’ എടുക്കാന്‍ യേശു നമ്മോട്‌ ആവശ്യപ്പെടുമ്പോള്‍ `തന്റെ സമ്പന്നമായ ദാരിദ്ര്യ’ത്താല്‍ സമ്പന്നത നേടൂ എന്നാണ്‌ അര്‍ത്ഥമാക്കുന്നത്‌. തന്റെ പുത്രസഹജവും സഹോദരതുല്യവുമായ ചൈതന്യം പങ്കുപറ്റുവാനും അതിലൂടെ പുത്രനില്‍ പുത്രന്മാരും പുത്രിമാരും, ആദ്യജാതനില്‍ സഹോദരീ സഹോദരന്മാരും ആയിത്തീരുവാനുമാണ്‌.

‘ഞാന്‍ വിശുദ്ധനല്ലല്ലോ’ എന്നതോര്‍ത്തു മാത്രമേ ഒരാള്‍ സങ്കടപ്പെടേണ്ടതുള്ളൂ എന്നാണ്‌ പറയപ്പെടുന്നത്‌. യഥാര്‍ത്ഥമായ ദാരിദ്ര്യം ഒന്നു മാത്രമേയുള്ളൂ എന്നു കൂടി പറയാവുന്നതാണ്‌. ദൈവമക്കളായും ക്രിസ്‌തുവിന്റെ സഹോദരീ സഹോദരന്മാരുമായി ജീവിക്കാതിരിക്കുക എന്നതാണത്‌.

നമ്മുടെ സാക്ഷ്യം

ഇപ്പറഞ്ഞ ദാരിദ്ര്യത്തിന്റെ ‘മാര്‍ഗ്ഗം’ യേശുവിന്റെ മാത്രം രീതിയാണെന്ന്‌ നാം ചിന്തിച്ചേക്കാം; അവിടുത്തേക്ക്‌ ശേഷം വരുന്ന നമുക്ക്‌ മാനുഷികവിഭവങ്ങളുടെ ശരിയായ വിനിയോഗം വഴി ലോകത്തെ രക്ഷിക്കാമെന്നും. എന്നാല്‍ ഇതല്ല വാസ്‌തവം എന്നും എവിടെയും ദൈവം മനുഷ്യനെ രക്ഷിച്ചുകൊണ്ടിരിക്കുന്നത്‌ ക്രിസ്‌തുവിന്റെ ദാരിദ്ര്യം കൊണ്ടാണ്‌. കൂദാശകളിലും തിരുവചനത്തിലും തിരുസ്സഭയിലും സ്വയം ദരിദ്രമാക്കുന്ന ക്രിസ്‌തുവിലൂടെ ദൈവം നമ്മെ രക്ഷിക്കുന്നത്‌ തുടരുന്നു. ഈ സഭ തന്നെ ദരിദ്രരുടെ ജനസമൂഹമാണ്‌. ദൈവത്തിന്റെ സമ്പത്ത്‌ പകര്‍ന്നുതരപ്പെടുന്നത്‌ നമ്മുടെ സമ്പത്തിലൂടെയല്ല, മറിച്ച്‌ ക്രിസ്‌തുവിന്റെ അരൂപിയാല്‍ ചൈതന്യം പ്രാപിക്കുന്ന നമ്മുടെ വ്യക്തിപരവും സാമൂഹികവുമായ ദാരിദ്ര്യത്തിലൂടെ മാത്രമാണ്‌.

നമ്മുടെ ഗുരുവിനെ അനുകരിച്ചുകൊണ്ട്‌, നമ്മുടെ സഹോദരീ സഹോദരന്മാരുടെ ദാരിദ്ര്യത്തെ അഭിമുഖീകരിക്കാന്‍ നമുക്ക്‌ വിളിയുണ്ട്‌. അതിനെ സ്‌പര്‍ശിക്കാന്‍, നമ്മുടേതാക്കിമാറ്റുവാന്‍, അത്‌ ലഘൂകരിക്കാന്‍ കഴിയാവുന്നതൊക്കെ ചെയ്യാന്‍. ദുരവസ്ഥ ദാരിദ്ര്യമല്ല. ദുരവസ്ഥ വിശ്വാസമില്ലാത്ത ദാരിദ്ര്യമാണ്‌; പിന്തുണയും, പ്രത്യാശയുമില്ലാത്ത ദരിദ്രാവസ്ഥയാണത്‌.

ദുരവസ്ഥകള്‍ മൂന്നുതരമുണ്ട്‌: ഭൗതികം, ധാര്‍മികം, ആത്മീയം. സാധാരണ നമ്മള്‍ ദാരിദ്ര്യം എന്ന്‌ വിളിക്കുന്നത്‌ ഭൗതികമായ ദുരവസ്ഥയെയാണ്‌. മനുഷ്യമഹത്വത്തിന്‌ വിരുദ്ധമായ സാഹചര്യങ്ങളില്‍ വസിക്കുന്നവരെ ബാധിക്കുന്ന അവസ്ഥയാണത്‌. ഭക്ഷണം, വെള്ളം, ശുചിത്വം, തൊഴില്‍, സാംസ്‌ക്കാരികമായി വളരാനുള്ള അവസരങ്ങള്‍ എന്നീ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസ്ഥയാണിത്‌. ഈ ദുരവസ്ഥയില്‍ സഭ സഹായഹസ്‌തം നീട്ടുന്നു. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊണ്ടും മനുഷ്യസമൂഹത്തിന്റെ മുഖം വിരൂപമാക്കുന്ന അവരുടെ മുറിവുകള്‍ വച്ചുകെട്ടിക്കൊണ്ടും പാവങ്ങളിലും പുറംതള്ളപ്പെട്ടവരിലും നാം ക്രിസ്‌തുവിന്റെ മുഖം കാണുന്നു. അവരെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുമ്പോള്‍ നാം ക്രിസ്‌തുവിനെത്തന്നെയാണ്‌ സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്നത്‌. ലോകത്തില്‍ നടമാടുന്ന മനുഷ്യാവകാശലംഘനങ്ങളും വിവേചനങ്ങളും ചൂഷണങ്ങളും അവസാനിപ്പിക്കാന്‍ കൂടിയാണ്‌ നമ്മുടെ പ്രയത്‌നങ്ങള്‍. കാരണം ഇവയാണ്‌ പലപ്പോഴും ദുരവസ്ഥകള്‍ക്ക്‌ കാരണമാകുന്നത്‌. അധികാരവും ആഡംബരവും പണവും വിഗ്രഹങ്ങളായി മാറുമ്പോള്‍, സമ്പത്ത്‌ നീതിപൂര്‍വ്വം വിതരണംചെയ്യുന്നതിന്റെമേല്‍ അവ മേല്‍ക്കൈ നേടുന്നു. നീതി, സമത്വം, ലാളിത്യം പങ്കുവയ്‌ക്കല്‍ എന്നീ നന്മകളാല്‍ നമ്മുടെ മനസാക്ഷിയെ നാം രൂപാന്തരപ്പെടുത്തണം.

ഭൗതിക ദുരവസ്ഥയേക്കാളും ഒട്ടും പ്രാധാന്യം കുറഞ്ഞതല്ല ധാര്‍മിക ദുരവസ്ഥ. തിന്മയോടും പാപത്തോടുമുള്ള അടിമത്തമാണത്‌. ഒരു കുടുംബത്തിലെ പ്രായം കുറഞ്ഞ ഒരംഗം മദ്യത്തിനോ, മയക്കുമരുന്നിനോ, ചീട്ടുകളിക്കോ, അശ്ലീലചിത്രങ്ങള്‍ കാണുന്നതിനോ അടിമപ്പെട്ടിരിക്കുമ്പോള്‍ ആ കുടുംബത്തിനുണ്ടാകുന്ന വേദന എത്രയധികമാണ്‌! എത്ര പേര്‍ക്കാണ്‌ ജീവിതത്തില്‍ അര്‍ത്ഥം കണ്ടെത്താന്‍ കഴിയാതെ പോകുന്നത്‌? ഭാവിയെക്കുറിച്ച്‌ ശോഭനമായ പ്രതീക്ഷകളില്ലാതെ പോകുന്നത്‌ പ്രത്യാശ നശിച്ചു പോകുന്നത്‌ അനീതിപരമായ സാമൂഹികാവസ്ഥകളാലും തൊഴിലില്ലായ്‌മയാലും വിദ്യാഭ്യാസ സമത്വമില്ലായ്‌മയാലും, ആരോഗ്യപരിപാലനാ സൗകര്യം ഇല്ലായ്‌മയായാലും എത്ര പേരാണ്‌ ധാര്‍മിക ദുരവസ്ഥയിലേക്ക്‌ കൂപ്പുകുത്തുന്നത്‌?

അത്തരം സാഹചര്യങ്ങളില്‍ ധാര്‍മിക ദുരവസ്ഥയെ ആസന്നമായ ആത്മഹത്യയായി ഗണിക്കാവുന്നതാണ്‌. സാമ്പത്തിക തകര്‍ച്ചയ്‌ക്ക്‌ കൂടി കാരണമാകുന്ന ഇത്തരം ദുരവസ്ഥയ്‌ക്ക്‌ ആത്മീയ ദുരവസ്ഥയുമായി അഭേദ്യമായ ബന്ധമുണ്ട്‌. ദൈവസ്‌നേഹം പരിത്യജിച്ച്‌ ദൈവത്തില്‍ നിന്നും ഓടിയകലുമ്പോഴാണ്‌ ഈ ആത്മീയ ദുരവസ്ഥ ഭവിക്കുന്നത്‌. ക്രിസ്‌തുവിലൂടെ നമ്മുടെ പക്കലേക്ക്‌ താഴ്‌ന്നുവരുന്ന ദൈവത്തെ ആവശ്യമില്ല എന്നു ചിന്തിച്ച്‌ സ്വന്തം ശക്തിയില്‍ നാം ആശ്രയിക്കുകയാണെങ്കില്‍ നാം തീര്‍ച്ചയായും വലിയ വീഴ്‌ചയിലേക്കാണ്‌ നീങ്ങുന്നത്‌. ദൈവത്തിനു മാത്രമേ യഥാര്‍ത്ഥ രക്ഷയും വിമോചനവും നല്‍കാന്‍ സാധിക്കുകയുള്ളൂ.

ആത്മീയ ദുരവസ്ഥയ്‌ക്ക്‌ ഏറ്റവും നല്ല മറുമരുന്ന്‌ സുവിശേഷം തന്നെയാണ്‌. നമ്മള്‍ പോകുന്നിടത്തെല്ലാം ക്രിസ്‌ത്യാനികളെന്ന നിലയില്‍ ക്ഷമയുടെയും പാപവിമോചനത്തിന്റെയും സദ്‌വാര്‍ത്ത പ്രഘോഷിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. ദൈവം നമ്മുടെ പാപാവസ്ഥയെക്കാള്‍ വലിയവനാണ്‌. എക്കാലവും അവിടുന്ന്‌ നമ്മെ സൗജന്യമായി സ്‌നേഹിക്കുന്നു. ഒരുമയ്‌ക്കായും നിത്യജീവിതത്തിനായും നാം വിളിക്കപ്പെട്ടിരിക്കുന്നു. കരുണയുടെയും പ്രത്യാശയുടെയും ഈ സന്ദേശത്തിന്റെ സന്തോഷഭരിതരായ ദൂതന്മാരാകാന്‍ കര്‍ത്താവ്‌ നമ്മോട്‌ ആവശ്യപ്പെടുന്നു! സുവിശേഷപ്രഘോഷണം അത്യന്തം ആവേശകരമായൊരു അനുഭവമാണ്‌. നമ്മെ ഭരമേല്‍പ്പിച്ചിരിക്കുന്ന നിധി പങ്കുവയ്‌ക്കലാണത്‌. തകര്‍ന്ന ഹൃദയങ്ങളെ സമാശ്വസിപ്പിക്കുന്നതും അന്ധകാരത്തിലുഴലുന്ന നമ്മുടെ സഹോദരീ സഹോദരന്മാര്‍ക്ക്‌ പ്രത്യാശ പകര്‍ന്നു കൊടുക്കലുമാണത്‌. കാണാതായ ആടിനെ സ്‌നേഹപൂര്‍വ്വം അന്വേഷിച്ചുപോകുന്ന നല്ലിടയനെപ്പോലെ പാപികളെയും പാവപ്പെട്ടവരെയും തേടിപ്പോകുന്ന ക്രിസ്‌തുവിനെ അനുകരിക്കലാണത്‌. യേശുവിനോട്‌ ചേര്‍ന്ന്‌ സുവിശേഷവല്‍ക്കരണത്തിന്റെയും മനുഷ്യമഹത്വത്തിന്റെയും പുതുവഴികള്‍ നമുക്ക്‌ സധൈര്യം തുറക്കാം.

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ഈ നോമ്പുകാലത്തില്‍, ഭൗതികവും ധാര്‍മികവും ആത്മീയവുമായ ദുരവസ്ഥകളില്‍ കഴിയുന്നവര്‍ക്കു മുന്നില്‍ ദൈവപിതാവിന്റെ കരുണാര്‍ദ്രസ്‌നേഹത്തിന്‌ സാക്ഷ്യം വഹിക്കാന്‍ തിരുസഭ ഒന്നാകെ സന്നദ്ധരാകട്ടെ. എല്ലാവരെയും ക്രിസ്‌തുവില്‍ ആലിംഗനം ചെയ്യാന്‍ കരുണാമയനായ പിതാവ്‌ തയ്യാറാണ്‌. ദരിദ്രനായിത്തീര്‍ന്ന ക്രിസ്‌തുവിനെ അവിടുത്തെ ദാരിദ്ര്യത്താല്‍ സമ്പന്നരായിത്തീര്‍ന്ന നമുക്ക്‌ അനുകരിക്കാം. സ്വയം പരിത്യാഗത്തിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ്‌ നോമ്പുകാലം. അപരനെ സഹായിക്കാന്‍ വേണ്ടി നമുക്ക്‌ ത്യാഗങ്ങള്‍ അനുഷ്‌ഠിക്കാം. നമ്മുടെ ദാരിദ്ര്യത്താല്‍ അവരെ സമ്പന്നരാക്കാം. ശരിയായ ദാരിദ്ര്യം വേദനാജനകമാണെന്ന കാര്യം നാം മറക്കരുത്‌. പരിത്യാഗ പ്രവര്‍ത്തികള്‍ കൂടാതെയുള്ള ഒരു ആത്മപരിത്യാഗവും യഥാര്‍ത്ഥമല്ല. വിലകൊടുക്കാത്തതും നമ്മെ വേദനിപ്പിക്കാത്തതുമായ പരസ്‌നേഹപ്രവര്‍ത്തികളില്‍ എനിക്ക്‌ വിശ്വാസമില്ല.

നമ്മുടെ തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കാനും മനുഷ്യവംശത്തിന്റെ ദുരവസ്ഥകളില്‍ കരുതലും ഉത്തരവാദിത്വമുള്ളവരും ആയിരിക്കാനും പരിശുദ്ധാത്മാവ്‌ നമ്മെ ശക്തിപ്പെടുത്തട്ടെ. അവിടുന്നിലാണല്ലോ നമ്മള്‍ ദരിദ്രരും ഒന്നുമില്ലാത്തവരും ആയിരിക്കുന്നത്‌. അവിടുന്ന്‌ തന്നെയാണല്ലോ നമ്മെ സമ്പന്നരാക്കുന്നതും എല്ലാമുള്ളവരാക്കുന്നതും.

പരിശുദ്ധാത്മാവിന്റെ കൃപയാല്‍ നമുക്ക്‌ കരുണയുള്ളവരാകാം, കാരുണ്യപ്രവര്‍ത്തികള്‍ ചെയ്യാം. ഈ പ്രത്യാശയില്‍ നിലകൊണ്ട്‌ ഓരോ വിശ്വാസിയും ഓരോ സഭാവിഭാഗവും ഫലദായകമായ ഒരു നോമ്പുകാലയാത്ര നടത്തട്ടെയെന്ന്‌ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേയെന്ന്‌ നിങ്ങളെല്ലാവരോടും ഞാന്‍ അപേക്ഷിക്കുന്നു. കര്‍ത്താവ്‌ നിങ്ങളെ അനുഗ്രഹിക്കട്ടെ. പരിശുദ്ധ അമ്മ നിങ്ങളെ സംരക്ഷിക്കട്ടെ.

ഫ്രാന്‍സീസ്‌ പാപ്പാ

വിവ. അഭിലാഷ്‌ ഫ്രേസര്‍

0 Comments