അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിവാദ സര്‍ക്കുലറിനെതിരേ കെ.സി.ബി.സി

ഹയര്‍ സെക്കന്‍ഡറി നിയമനവുമായി ബന്ധപ്പെട്ട വിവാദ സര്‍ക്കുലറിനെതിരെ കേരള കത്തോലിക്ക മെത്രാന്‍മാരുടെ സമിതിയുടെ (കെ.സി.ബി.സി.) രൂക്ഷവിമര്‍ശനം. വിദ്യാഭ്യാസ വകുപ്പ് ഇടതുപക്ഷ നയങ്ങള്‍ തന്നെയാണ് തുടരുന്നതെന്ന് വ്യക്തമാക്കുന്നതാണ് സര്‍ക്കുലര്‍. യു.ഡി.എഫ്. ഭരിക്കുമ്പോള്‍ തങ്ങളുടെ നയം തുടരാന്‍ കഴിയും വിധം ബുദ്ധിജീവികളെ വിദ്യാഭ്യാസ വകുപ്പില്‍ നിലനിര്‍ത്തുന്ന മാര്‍ക്‌സിസ്റ്റ് തന്ത്രം മനസ്സിലാക്കാന്‍ യു.ഡി.എഫിന് കഴിയുന്നില്ലെന്നും ജൂലൈ 22ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കെ.സി.ബി.സി പ്രസ്താവിച്ചു.

വിദ്യാലയ നടത്തിപ്പ്, പ്രവേശനം, നിയമനം തുടങ്ങിയവയില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശം കവര്‍ന്നെടുക്കാനുള്ള നടപടികളാണ് തുടരുന്നതെന്നും കെ.സി.ബി.സി ആരോപിച്ചു. ഹയര്‍ സെക്കന്‍ഡറി നിയമനങ്ങള്‍ക്ക് ചട്ടവിരുദ്ധമായി കൂച്ചുവിലങ്ങിടാനുള്ള നീക്കം വിനാശകാലത്തെ വിപരീത ബുദ്ധിയാണോയെന്ന് ചിന്തിക്കേണ്ടതുണ്ട്. ഇടതുപക്ഷം ഏകജാലകം വഴി ന്യൂനപക്ഷാവകാശം കവര്‍ന്നെടുത്തു. യു.ഡി.എഫും അതേ നയം തന്നെയാണ് തുടരുന്നത്. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ ഭരണപക്ഷം മറക്കുകയാണെന്നും കെ.സി.ബി.സി. കുറ്റപ്പെടുത്തി.

അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ വിചിത്രവും സങ്കീര്‍ണവും കൂടുതല്‍ പരാതികള്‍ക്ക് ഇടനല്‍കുന്നതുമാണ്. സര്‍ക്കുലറുകള്‍ പിന്‍വലിച്ച് മാനേജ്‌മെന്‍റുകളുമായി ആലോചിച്ച് പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്ന് കെ.സി.ബി.സി. വക്താവ് ഫാ. ഡോ. സ്റ്റീഫന്‍ ആലത്തറ ആവശ്യപ്പെട്ടു.

വാര്‍ത്താ സ്രോതസ്സ്: കെ.സി.ബി.സി



0 Comments