തിരുനാള്‍ പതിനായിരങ്ങളെത്തി.

സെന്റ് ജോസഫ്‌സ് തീര്‍ത്ഥകേന്ദ്രത്തിലെ വിശുദ്ധയൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിന്റെ ഭാഗമായി നടന്ന കൂട് തുറക്കല്‍ ശുശ്രൂഷയ്ക്ക് പതിനായിരങ്ങളെത്തി.

വൈകീട്ട് നടന്ന സമൂഹദിവ്യബലിക്ക് അതിരൂപാ സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വിശുദ്ധ യൗസേപ്പിതാവേ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കേണമേ എന്ന പ്രാര്‍ത്ഥനാമന്ത്രം ഉരുവിടുന്ന പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് കൂട് തുറക്കല്‍ ശുശ്രൂഷ തിരുകര്‍മ്മങ്ങള്‍ നടന്നത്.

തുടര്‍ന്ന് വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ പത്രോസ് ശ്ലീഹായുടെയും തിരുസ്വരൂപങ്ങള്‍എഴുന്നള്ളിച്ച് ദേവാലയ മുഖമണ്ഡപത്തില്‍ പ്രത്യേകം അലങ്കരിച്ച രൂപക്കൂടുകളില്‍ പൊതുവണക്കത്തിനായി സ്ഥാപിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ഷോണ്‍സണ്‍ ആക്കാമറ്റത്തില്‍, ഫാ. ലിന്റോ തട്ടില്‍, ഫാ. സ്റ്റാന്‍ലി ചുങ്കത്ത് എന്നിവര്‍ സഹകാര്‍മ്മികരായി. രാവിലെ ഭക്തിനിര്‍ഭരമായ നൈവേദ്യപൂജയോടെ ഊട്ടിന് തുടക്കമായി. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നൈവേദ്യപൂജയും നേര്‍ച്ച ഭക്ഷണ ആശിര്‍വാദവും നടന്നു.

ഊട്ട് തിരുനാള്‍ പ്രസാദം കഴിക്കുന്നതിന് വിശ്വാസികളുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ തുടങ്ങിയ ഊട്ട് സദ്യ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുവരെ തുടരും. ഒരേസമയം രണ്ടായിരത്തോളം പേര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച രാത്രിവരെ 75000 പേര്‍ ഭക്ഷണം കഴിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ഊട്ട് സദ്യയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് അരി, അവില്‍, ഊണ് തുടങ്ങിയവ പാക്കറ്റുകളിലാക്കി വിതരണം ചെയ്തിരുന്നു.

ഉച്ചകഴിഞ്ഞ് വടക്ക് സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ മക്കളായ ശ്രീകാന്തിന്റെയും ശ്രീരാജിന്റെയു നേതൃത്വത്തില്‍ നൂറ്റൊന്ന് വാദ്യവിദഗ്ധര്‍ ചേര്‍ന്നൊരുക്കിയ നാദവിസ്മയം കാണാന്‍ നിരവധി മേളപ്രേമികളെത്തി. അസുരവാദ്യത്തിന്റെ താളലയത്തില്‍ മേളപ്രേമികള്‍ മൂന്ന് മണിക്കൂറോളം ആറാടി. കണ്‍വീനര്‍ കെ.ജെ. ജെയിംസ്, എന്‍.ജെ. ലിയോ, സി.കെ. തോബിയാസ് എന്നിവര്‍ നേതൃത്വം നല്‍കി. കൂട് തുറക്കല്‍ ശുശ്രൂഷയ്ക്ക് ശേഷം പള്ളി വെടിക്കെട്ട് കമ്മിറ്റി കണ്‍വീനര്‍ സി.എം. സെബാസ്റ്റ്യന് തീര്‍ത്ഥകേന്ദ്രം വികാരി അനുവാദത്തിരി തെളിയിച്ച് നല്‍കിയതോടെ കരിമരുന്നുപ്രയോഗം തുടങ്ങി.

വിവിധ കുടുംബയൂണിറ്റുകളില്‍ നിന്നുള്ള വളയെഴുന്നള്ളിപ്പുകള്‍ രാത്രി 12ന് തീര്‍ത്ഥകേന്ദ്രത്തിലെത്തി സമാപിച്ചു. തുടര്‍ന്ന് കണ്‍വീനര്‍ ഡേവീസ് പുത്തൂരിന്റെ നേതൃത്വത്തിലുള്ള വടക്ക് ഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ കരിമരുന്നുപ്രയോഗവും നടന്നു. ഞായറാഴ്ച പുലര്‍ച്ചെ 2 മുതല്‍ 9 വരെ തുടര്‍ച്ചയായി ദിവ്യബലി നടക്കും.

പത്തിന് നടക്കുന്ന തിരുനാള്‍ ഗാനപൂജയ്ക്ക് ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.തുടര്‍ന്ന് പ്രദക്ഷിണം നടക്കും. പ്രദക്ഷിണത്തിന് തൊട്ട് മുന്‍പായി സിമന്റ്-പെയിന്റ് നിര്‍മ്മാണത്തൊഴിലാളികളുടെ വക വെടിക്കെട്ട് നടക്കും. രാത്രി 7നുള്ള ദിവ്യബലിയെ തുടര്‍ന്ന് 8.30ന് ജോണ്‍ പുലിക്കോട്ടില്‍ നേതൃത്വം നല്‍കുന്ന തെക്ക് ഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ കലാപ്രകടനം അരങ്ങേറും.

0 Comments