കുരിശിന്റെ വി. യോഹന്നാന്

ആവിലായ്ക്കു സമീപം ഫോണ്ടിബേര് എന്ന സ്ഥലത്ത് 1542ല് ജോണ് ജനിച്ചു. ഇപ്പെസ്സിലെ ഗോണ്സാലെസ്സാണ് പിതാവ്. അദ്ദേഹം ഒരു അനാഥയെ വിവാഹം കഴിച്ചതുകാരണം കുടുംബസ്വത്തില് ഓഹരി ലഭിച്ചില്ല. മൂന്നുകുട്ടികള് ജനിച്ചശേഷം പിതാവ് മരിച്ചുപോയി. അമ്മ നിരാലംബയായി മെഡീനിയില് താമസമാക്കി. ഒരാശുപത്രിയില് രോഗികളെ ശുശ്രൂഷിക്കുന്ന ജോലി ജോണിനു കിട്ടി. അതേസമയം അവന് ഈശോസഭക്കാരുടെ ഒരു കോളേജില് പഠിച്ചുകൊണ്ടിരുന്നു. 21ാമത്തെ വയസ്സില് ദൈവമാതാവിനോടുള്ള ഭക്തിയാല് പ്രചോദിതനായി മെഡീനായിലെ കര്മ്മലീത്താ ആശ്രമത്തില് ഒരത്മായ സഹോദരനായി ചേര്ന്നു. ഭയങ്കര പ്രായശ്ചിത്തങ്ങളാണ് അനുഷ്ഠിച്ചിരുന്നത്. രോമച്ചട്ടയും ഉപവാസവും അദ്ദേഹത്തിന്റെ കൂടപിറപ്പുകളായിരുന്നു. ഒരു സഹോദരനായി ജീവിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെങ്കിലും അധികാരികള് ജോണിന്റെ പഠനസാമര്ത്ഥ്യവും പുണ്യവും കണ്ട് 1567ല് അദ്ദേഹത്തിനു പട്ടം നല്കി.
അന്ന് അദ്ദേഹം ഒന്നുകൂടി കഠിനമായ നിയമങ്ങള് പാലിച്ചിരുന്ന കാര്ത്തൂസിയന് സഭയിലേയ്ക്ക് പോകാന് ആലോചിച്ചു തുടങ്ങി. അത് വലിയ ത്രേസ്യാ പുണ്യവതി മനസ്സിലാക്കി അദ്ദേഹത്തോട് കര്മ്മലീത്താസഭ നവീകരിക്കാന് തന്നെ സഹായിക്കാന് ആവശ്യപ്പെട്ടു. അങ്ങനെ അദ്ദേഹം നടത്തിയ നവീകരണം പ്രിയോര് ജനറാളിന്റെ അനുവാദത്തോടുകൂടിയായിരുന്നെങ്കിലും മുതിര്ന്ന സന്യാസികള് നവീകരണത്തെ എതിര്ത്തു. അദ്ദേഹത്തെ ഒരു പാഷണ്ഡിയായിട്ടാണ് അവര് വീക്ഷിച്ചത്. തല്ഫലമായി അദ്ദേഹം 9 മാസം കാരാഗൃഹത്തില് കിടക്കേണ്ടി വന്നു. തന്റെ മുറിയില് താനും ദൈവവും മാത്രമായി 27 ദിവസങ്ങള് തള്ളി നീക്കി. ദൈവവുമായുള്ള ഐക്യം സുസാധ്യമായി ആദ്ധ്യാത്മിക കീര്ത്തനവുമായി അദ്ദേഹം ജയിലില് നിന്നു പുറത്തുവന്നു. അപ്പോള് അദ്ദേഹം പറഞ്ഞു “സഹനങ്ങളോട് ഞാന് സ്നേഹം പ്രദര്ശിപ്പിക്കുന്നെങ്കില് വിസ്മയിക്കേണ്ട ടാളെഡാ ജയിലിലായിരുന്നപ്പോള് അവയുടെ മേന്മ എനിക്ക് മനസ്സിലായി.” ഒരിക്കല് അദ്ദേഹത്തിന്റെ സഹനങ്ങള്ക്ക് എന്തു സമ്മാനം വേണമെന്ന് ഈശോ ചോദിച്ചപ്പോള് അദ്ദേഹം പ്രതിവചിച്ചു “സഹിക്കുകയും അങ്ങയെപ്രതി നിന്ദിക്കപ്പെടുകയുമല്ലാതെ വേറൊന്നും എനിക്കുവേണ്ട.” 49ാമത്തെ വയസ്സില് ദൈവവും ആത്മാവുമായുള്ള ഐക്യം അദ്ദേഹം സ്ഥിരമായി പ്രാപിച്ചു.

0 Comments