പത്യാശയുടെ ആഗമനകാലം

ലോകമെന്പാടുമുള്ള ക്രൈസ്തവര് ഏറ്റവും ആഹ്ലാദത്തോടെ കൊണ്ടാടുന്ന ഉത്സവമാണ് ക്രിസ്മസ്സ്. ഒരു മതപരമായ ആഘോഷം എന്നതിനേക്കാളു പരിയായി ജാതിമതഭേദമെന്യ ആളുകള് സന്തോഷത്തിന്റേയും സൗഹൃദത്തിന്റേയും ഒരവസരമായി ക്രിസ്മസ്സിനെ കാണാറുണ്ട്. ഒരു പക്ഷേ ക്രിസ്മസ്സ് നല്കുന്ന സന്ദേശമായിരിക്കാം അതിന് ഇത്തരം ഒരു പ്രതിച്ഛായ പ്രദാനം ചെയ്തത്. ഉണ്ണിയേശുവിന്റെ ജനനം വിളംബരം ചെയ്ത മാലാഖമാര് ദൈവപുത്രനെ ഭൂമിയിലേയ്ക്ക് നല്കിയ പിതാവായ ദൈവത്തിന് ആരാധന അര്പ്പിച്ചതിനൊപ്പം ഭൂമിയിലുള്ള സമസ്ത മനുഷ്യര്ക്കും സമാധാനം ആശംസിക്കുകയുണ്ടായി.
ലോകത്തെവിടെ നോക്കിയാലും, സമൃദ്ധിയുടെ നടുവില്പോലും, മനുഷ്യര് സമാധാനത്തിനുവേണ്ടി നെട്ടാട്ടമോടുന്ന കാഴ്ചയാണ് നാമിന്ന് കാണുന്നത്. സന്പത്തും പട്ടാളവും ആയുധശേഖരവുമൊന്നും മനുഷ്യന് സമാധാനം ഉറപ്പു നല്കുന്നില്ലെന്നാണ് അനുഭവം നമ്മെ പഠിപ്പിക്കുന്നത്. യേശുവിന്റെ പിറവിയുടെ സന്ദേശം പ്രസക്തമാകുന്നത് ഇവിടെയാണ്. ദൈവദൂതന്മാര് സമാധാനം ആശംസിച്ചപ്പോള് അവര് ഒരു വ്യവസ്ഥ വെച്ചിരുന്നു; ഭൂമിയില് സന്മനസ്സുള്ളവര്ക്ക് സമാധാനം. യേശുവിന്റെ സമാധാനത്തിന്റെ സവിശേഷത അതാണ്. അതിന് ഒരു വ്യവസ്ഥയേ ഉള്ളൂ. നല്ല മനസ്സുണ്ടാകുക; മറ്റുള്ളവരെ സ്നേഹിക്കാന് കഴിയുന്ന, മറ്റുള്ളവരോട് ക്ഷമിക്കാന് കഴിയുന്ന, മറ്റുള്ളവരുടെ ദുഃഖങ്ങളില് പങ്കുചേരാന് കഴിയുന്ന ഒരു മനസ്സ്. അങ്ങനെയുള്ളവര്ക്കാണ് ഈ ലോകജീവിതത്തില് ശാന്തിയും സന്തോഷവുമുണ്ടാകുക. യേശു നല്കിയ ഈ സന്ദേശം കേവലം വാച്യമായിരുന്നില്ല. അവിടുത്തെ ജീവിതത്തിലൂടെയാണ് മാനവരാശിക്ക് അവിടുന്ന് ഈ സന്ദേശം നല്കിയത്. ദൈവപുത്രന് സര്വ്വരാലും പരിത്യജിക്കപ്പെട്ട് ഒരു കാലിത്തൊഴുത്തില് പിറക്കുന്നു; നസ്രസിലെ ചെറ്റക്കുടിലില് വളരുന്നു; സമസ്ത ലോകത്തിന്റേയും പാപങ്ങള് സ്വന്തം ജീവാര്പ്പണത്തിലൂടെ പരിഹാരം ചെയ്ത് അവരെ രക്ഷിക്കുന്നു. ഇതിനേക്കാള് വലിയ സ്നേഹവും സന്മനസ്സും വേറെവിടെ കാണാന് കഴിയും?
ക്രിസ്മസ്സ് നല്കുന്ന ഈ പ്രത്യാശയുടെ സന്ദേശം ഹൃദയത്തില് ഉള്ക്കൊള്ളാന് നമുക്ക് കഴിഞ്ഞാല് ഈ ക്രിസ്തുമസ്സ് നമ്മെ ഓരോരുത്തരെ സംബന്ധിച്ചും അര്ത്ഥപൂര്ണ്ണമാകും. എല്ലാവര്ക്കും ക്രിസ്തുമസ്സ് നവവത്സരാശംസകള്.
നിങ്ങളുടെ സ്വന്തം
നോബി അച്ചന്.

0 Comments