കര്‍ഷകന്‍ രാജ്യത്തിന്‍റെ നട്ടെല്ല്

        

കെ. ടി. ജോബ്,   

സെന്‍റ് ഫ്രാന്‍സീസ് അസീസ്സി യൂണിറ്റ്കര്‍ഷകന്‍ രാജ്യത്തിന്‍റെ നട്ടെല്ലാണെന്ന് സ്വാതന്ത്യ്ര സന്പാദനത്തിനു ശേഷം പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുജി തുടങ്ങി നാളിതുവരെയുണ്ടായിട്ടുള്ള പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും മറ്റുമന്ത്രിമാരും ജനസഹസ്രങ്ങളും പ്രഖ്യാപിക്കുകയും വിശ്വസിക്കുകയും ചെയ്തുപോരുന്ന ഒരു വിശ്വാസസത്യമാണല്ലോ. എന്നാല്‍ എന്തുകൊണ്ടോ ബ്രിട്ടീഷുകാരില്‍ നിന്നും പിന്‍തുടര്‍ച്ചാവകാശമായി സിദ്ധിച്ച വരമനുസരിച്ച് ഉദ്യോഗസ്ഥന്മാര്‍ക്കുമാത്രമേ ആനുകൂല്യങ്ങള്‍ക്കര്‍ഹതയുള്ളൂ; അവര്‍ക്കുമാത്രമേ അതുകൊടുക്കാവൂ എന്ന പാരന്പര്യം തുടര്‍ന്നു പോന്നു. എന്നാല്‍ പിന്നീട് പലവിഭാഗക്കാര്‍ക്കും ആനുകൂല്യങ്ങള്‍കൊടുക്കുന്ന കൂട്ടത്തില്‍ കര്‍ഷകനും ചില്ലറ ആനുകൂല്യങ്ങള്‍കിട്ടിത്തുടങ്ങി. കര്‍ഷകനെ സംബന്ധിച്ചിടത്തോളം അതൊരു വലിയ വെളളിമഴതന്നെയായിരുന്നു. കിട്ടിയതുകൊണ്ട് തൃപ്തിപ്പെടുകയും സന്തോഷിക്കുകയും ചെയ്തു അവന്‍. അത് കര്‍ഷകന്‍റെ പാരന്പര്യസ്വഭാവമാണ്.
            നെല്‍കര്‍ഷകനുവേണ്ടിയാണ് എന്‍റെ അനുഭവങ്ങളുടെ ജാലകം തുറക്കാന്‍ പോകുന്നത്. അവന്‍ പാരന്പര്യമായ രീതിയില്‍ നിന്ന് ശാസ്ത്രീയ രീതിയിലുള്ള കൃഷി സന്പ്രദായങ്ങള്‍ അവലംബിച്ചുകഴിഞ്ഞു. കുറഞ്ഞചെലവില്‍ കൂടുതല്‍ വിളവുണ്ടാക്കുവാന്‍ അവനഭ്യസിച്ചുകഴിഞ്ഞു. ഇന്നവനഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം ജോലിക്കാരുടെ ദൗര്‍ലഭ്യം തന്നെ. കൃഷി യന്ത്രങ്ങളാണെങ്കില്‍ തക്കസമയത്തും കുറഞ്ഞ ചെലവിലും കിട്ടാനുമില്ല. ഈ പ്രശ്നം ഉത്തരഭാവിയില്‍ പരിഹൃതമാകുമെന്ന് പ്രത്യാശിക്കാം.
            നെല്‍കര്‍ഷകനനുഭവിച്ചുപോന്ന കഷ്ടതകള്‍ക്ക് കയ്യും കണക്കുമില്ലെന്നു മനസ്സിലാക്കാന്‍ സാക്ഷികളുടെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. വിറ്റനെല്ലിന്‍റെ വില കിട്ടാതിരിക്കുകയും വാങ്ങുന്ന വളത്തിന്‍റെ വിലയും മറ്റുചെലവുകളും റൊക്കം കൊടുക്കേണ്ടിവരികയും ചെയ്യുന്ന ദയനീയത നിഷ്പക്ഷമതികള്‍ വിലയിരുത്തട്ടെ. അങ്ങനെ കടക്കെണിയെന്ന കൊലക്കയര്‍ കര്‍ഷകന്‍റെ ഗളനാളത്തില്‍ വന്നു വീഴകയും ചെയ്തു, അതിനുപുറമേ കൂനിന്മേല്‍ കുരുവെന്നോണം പലവിധ സമരങ്ങളും അവന്‍റെ നെഞ്ചില്‍ ആഞ്ഞടിച്ചു. സമരംകൊണ്ടുണ്ടായ മുറിവുകള്‍ സാവധാനത്തിലുണങ്ങിയെങ്കിലും കടക്കെണിയെന്ന പടുകുഴിയില്‍ നിന്ന് കരകയറുവാന്‍ അവനിനിയും കഴിഞ്ഞിട്ടില്ല. അതിനു ശക്തമായ സഹായഹസ്തം തന്നെ നീട്ടികൊടുക്കേണ്ടി വരും. അത്തരത്തിലുളള അതിശക്തമായ സഹായഹസ്തവും അനതിവിദൂര ഭാവിയില്‍ കരഗതമാകുമെന്ന്് നമുക്കാശിക്കാം.
            ഒരു പ്രധാന സംഭവംകൂടി പറയാന്‍ മറന്നുപോയി. അതു മറ്റൊന്നുമല്ല. കര്‍ഷന്‍റെ കാര്യം വെള്ളത്തില്‍ തന്നെയന്ന പഴമൊഴിതന്നെയാണ്. ഈ മൊഴി ഇപ്പോഴും അന്വര്‍ത്ഥമാക്കികൊണ്ടേയിരിക്കുന്നു. വേണമെങ്കില്‍ നമുക്കിതിനെ രണ്ടര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കാം. എന്തിനധികം പറയുന്നു കര്‍ഷകരായ കൃഷിമന്ത്രിമാര്‍ കൃഷിവകുപ്പ് കൈകാര്യം ചെയ്തിട്ടുപോലും കര്‍ഷകന്‍റെ ദുരിതങ്ങള്‍ ഒരു പരിധിവരെയല്ലാതെ പൂര്‍ണ്ണമായും ശാശ്വതപരിഹാരം കാണാന്‍ കഴിഞ്ഞില്ലെന്നുതന്നെ പറയാം. അത്രയും ആഴമേറിയതായിരുന്നു കര്‍ഷകന്‍റെ മുറിവുകള്‍. പല പുതിയ നല്ലകാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നുള്ളത് മറക്കുവാനോ മറയ്ക്കുവനോ ശ്രമിക്കുന്നില്ല, ചില അവശ്യകാര്യങ്ങള്‍ ചെയ്യാന്‍ കഴിയാതിരുന്നത് കര്‍ഷകന്‍റെ ഭാഗ്യക്കേടുകൊണ്ടുതന്നെയെന്നു നിസ്സംശയം പറയാം.
            നെല്‍കര്‍ഷകരെപ്പറ്റി പറയുന്പോള്‍ രണ്ടുവാക്കുമാത്രം ഊന്നിപറയാന്‍ തോന്നിപ്പോവുകയാണ്. മന്ത്രിമാരേയും മറ്റ് ഐ. പി. എസ്സ് ഉദ്യോഗസ്ഥരേയും തീറ്റിപ്പോറ്റുന്ന മേലുദ്യോഗസ്ഥനാണ് നെല്‍കര്‍ഷകന്‍ എന്ന്് കേള്‍ക്കുന്പോള്‍ രോമാഞ്ചകഞ്ചുകമണിയാത്തവരായി ആരുണ്ട് നമ്മുടെ ഭാരത നാട്ടില്‍. കര്‍ഷകന്‍റെ പ്രാധാന്യമാണ് മേലുദ്ധരിച്ചത്. അങ്ങനെ   വരുന്പോള്‍ നെല്‍കര്‍ഷകന്‍റെ മഹിമ വര്‍ണ്ണനാതീതമാണ.്  അത് കാണാന്‍ നമ്മുടെ നഗ്ന നേത്രങ്ങള്‍ മതി.
             ഇനി വേറൊരു കാര്യം പറയാനുള്ളത് തക്കസമയത്ത് കൃഷിയിറക്കാനും കൊയ്തെടുക്കാനും അവര്‍ വളരെയധികം പണിപ്പെട്ടിട്ടുണ്ടെന്നു മുന്പ് പറഞ്ഞല്ലോ. എന്നാല്‍ അത്രയും കഷ്ടപ്പെട്ടുണ്ടാക്കിയ നെല്ല് രാഷ്ട്രത്തിനു സമര്‍പ്പിക്കുന്പോള്‍ ആ നെല്ല് വാങ്ങാന്‍ ആളില്ലാത്ത അവസ്ഥ. കൊയ്തെടുത്ത നെല്ല് വയലില്‍ കിടന്ന് മഴകൊണ്ട് നനഞ്ഞ് നശിക്കുന്ന ദുരവസ്ഥ.  ഇത് ആലോചിക്കാന്‍ പോലും വയ്യ. മാറി വരുന്ന സര്‍ക്കാരുകള്‍ കര്‍ഷകരെ പീഡിപ്പിച്ചിട്ടുണ്ടെന്നുള്ളതിന് ഇതില്‍ പരം തെളിവുകള്‍ വേണോ
            നെല്‍കര്‍ഷകര്‍ അനുഭവിച്ചുപോന്ന പാടുപീഡകളെപ്പറ്റി പറയാതിരിക്കുകയാണ് ഭേദം. മറ്റൊരു വിഭാഗക്കാര്‍ക്കും ഇത്രയധികം വേദനയും യാതനയും സഹിക്കേണ്ടി വന്നിട്ടില്ലെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. അതിനാല്‍ കര്‍ഷകന്‍റെ ഹൃദയം പിഞ്ചു ഹൃദയാണെന്ന് തോന്നിപോവുകയാണ്. ബാലഹൃദയം ലോലമാണല്ലോ. ഒന്നോ രണ്ടോ മിഠായികിട്ടിയാല്‍ അവനെക്കൊണ്ടാവുന്ന ഏതുകാര്യവും ഉടന്‍ ചെയ്യും. ഇമ്മാതിരിയുള്ള കര്‍ഷകസുഹൃത്തുക്കള്‍ക്ക് വിത്തും വളവും കിട്ടിയാല്‍ മാത്രംമതി എല്ലുമുറിയും വരെ പണിയെടുത്തുകൊള്ളും. കര്‍ഷകര്‍ ചില്ലറ ആനുകൂല്യങ്ങള്‍ കൈപറ്റുകയും  വലിയ കഷ്ടപ്പാടുകളും ദുരിതങ്ങളും ത്യാഗമനസ്സോടെ ഏറ്റുവാങ്ങുകയും ചെയ്തവരാണ്.  അവര്‍ ത്യാഗത്തിന്‍റെ പ്രതീകങ്ങളാണ്. പ്രസംഗം ചെയ്യാനല്ല പ്രവര്‍ത്തിയെടുക്കാനാണ് ഇവര്‍ പഠിച്ചിട്ടുള്ളത്.  എന്നാല്‍ ത്യാഗിശ്വരന്മാരായ ഇക്കൂട്ടരെ രാഷ്ട്രീയക്കാരും                 ഭരണകര്‍ത്താക്കളും അറിയാറില്ല. അവരുടെ സങ്കടങ്ങള്‍ കേള്‍ക്കാറുമില്ല. വെറുതെ മുറവിളിക്കൂട്ടുന്നവരെയാണ് ഇന്നെല്ലാവര്‍ക്കും           ഭയവും ബഹുമാനവും.
            സര്‍ക്കാരിന്‍റെ കര്‍ഷകപ്രേമത്തെപ്പറ്റി പറയുന്പോള്‍ ഒരു വശത്ത് ആനുകൂല്യങ്ങള്‍ നല്‍കുകയും മറുവശത്ത് കര്‍ഷകന്‍റെ വീര്യംകൂട്ടിയ ഉത്സാഹത്തെ  മന്ദീഭവിപ്പിക്കുകയും ചെയ്യുന്ന നയമാണ് കേരളത്തില്‍ മാറിമാറിവന്ന ഇടംപരി വലംപിരി സര്‍ക്കാരുകള്‍ അനുവര്‍ത്തിച്ചുപോരുന്നത്. ചആ: കര്‍ഷകതൊഴിലാളിക്ക് പെന്‍ഷന്‍ അനുവദിച്ചപ്പോഴും രാജ്യത്തിന്‍റെ നട്ടെല്ല് കര്‍ഷകനാണന്ന് കൊട്ടിഘോഷിക്കുകയും തട്ടിമൂളിക്കുകയും  പെരുന്പറമുഴക്കുകയും ചെയ്യപ്പെട്ട കര്‍ഷകനോ കിട്ടിയത് വട്ടപൂജ്യം മാത്രം. ഇത്രവലിയ അനീതി കര്‍ഷകരോടല്ലാതെ മറ്റാരോടാണ് വിലപ്പോവുക? കര്‍ഷകന്‍ ഹതഭാഗ്യനാണെന്നതിന് ഇതില്‍പരം തെളിവുകള്‍ വേണോ
 കര്‍ഷകനെപ്പറ്റി ഒരു പദ്യത്തോടെ നിര്‍ത്തുന്നു
            പാടത്തുപോയ് പാംസുലപാദചാരി
            കൃഷീവലന്‍ വേലതുടങ്ങി നൂനം
            സോല്‍സാഹമായ് കാലികളെത്തെളിക്കും
            അവന്‍റെ താരസ്വരമുണ്ടുകേള്‍പ്പൂ

0 Comments