വി. യൗസേപ്പിതാവ്

സുവിശേഷങ്ങളില് വളരെ കുറച്ചുമാത്രം പ്രതിപാദിച്ചിരിക്കുന്ന വിശുദ്ധനാണ് നമ്മുടെ മധ്യസ്ഥനായ യൗസേപ്പിതാവ്.

ഇതില് പ്രധാനമായും ദൈവകല്പനകള്ക്കും രാജകല്പനകള്ക്കും വിധേയനാകുന്ന ഒരു കുടുബനാഥനായിട്ടാണ് വി. യൗസേപ്പിതാവ് ചിത്രീകരിക്കപ്പെടുന്നത്.

യുക്തിവിചാരങ്ങള്ക്ക് ഒരുന്പെടാതെ, പ്രയാസങ്ങള് കണ്ടു പിന്മാറാതെ നിയമങ്ങള് അനുസരിക്കുന്ന വി. യൗസേപ്പിതാവ് നമുക്കൊക്കെ മാതൃകയാവുകയാണ്.

വി. യൗസേപ്പിനെ ഒരു സ്വപ്നാടകനായിട്ടാണ് മൂന്ന് നാല് രംഗങ്ങളില് ചിത്രീകരിച്ചിട്ടുള്ളത്. ഈ അവസരങ്ങളിലെല്ലാം തന്നെ നീതിമാനും ദൈവാശ്രയബോധമുള്ളവനുമായ ഒരു ദൈവാന്വേഷിയായിട്ടാണ് നാം വി. യൗസേപ്പിനെ കാണുന്നത്. ദൈവഹിതമറിയുവാനും ദൈവപരിപാലനയ്ക്ക് വിധേയനാകാനും അര്പ്പിത ചേതസ്സോടെ ഉരുകുന്ന മനസ്സുമായി പ്രാര്ത്ഥനയില് മുഴുകുന്ന പിതാവിനെയാണ് നാം കണ്ടെത്തുക. പ്രതിസന്ധി നിമിഷങ്ങളില് രാപകല് ഭേദമില്ലാത്ത വി. യൗസേപ്പ് പ്രാര്ത്ഥനയില് അഭയം പ്രാപിച്ചു. ഇതുതന്നെയാണ് വിശുദ്ധന് നല്കുന്ന ജീവിത സന്ദേശം. വേദനയുടെ നിമിഷങ്ങളില് ദൈവത്തില് ആശ്രയിക്കുക പ്രാര്ത്ഥനയിലൂടെ ദൈവഹിതം അറിയാന് ശ്രമിക്കുക.

തികച്ചും ശൂന്യവല്ക്കരണത്തിന്റെ മാതൃക നല്കുന്ന വലിയൊരു സംവിധായകനായിരുന്നു വി. യൗസേപ്പിതാവ്. രംഗത്തു പ്രത്യക്ഷപ്പെടാതെ എല്ലാം ഭംഗിയായി നിയന്ത്രിച്ച ഒരു മഹാത്മാവാണ് നമ്മുടെ പിതാവ്.

 നീതിമാന്, പ്രാര്ത്ഥിക്കുന്ന വിശുദ്ധന്, നിയമങ്ങള്ക്ക് ആത്മസമര്പ്പണം ചെയ്ത ധന്യന് അതാണ് വി. യൗസേപ്പ്. വിശുദ്ധന്റെ തിരുനാളിനൊരുങ്ങുന്ന നമുക്ക് വിശുദ്ധന്റെ നന്മകള് നെഞ്ചിലേറ്റാം. ജീവിതത്തില് പകര്ത്താം.

ഏവര്ക്കും നന്മ നേരുന്നു.
നിങ്ങളുടെ സ്വന്തം നോബി അച്ചന്.

0 Comments