മന്ത്രിമാരെ വിളിച്ചിട്ടില്ലെന്ന് കര്‍ദിനാര്‍ ജോര്‍ജ് ആലഞ്ചേരി

നീണ്ടകരയില്‍ കടലില്‍ രണ്ടു ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നിലപാടിനെ അനുകൂലിച്ചു താന്‍ പ്രസ്താവന നടത്തിയെന്ന റിപ്പോര്‍ട്ട് തെറ്റെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി. തന്റെ പ്രസ്താവന തെറ്റായാണു ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ ഫിഡസ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യത്തില്‍ അവര്‍ ഖേദം പ്രകടിപ്പിച്ചെന്നും തെറ്റായ വാര്‍ത്ത അവര്‍ പൂര്‍ണമായി പിന്‍വലിച്ചതായി അറിയിച്ചിട്ടുണ്െടന്നും ഇസ്രയേല്‍ സന്ദര്‍ശനം നടത്തുന്ന മാര്‍ ആലഞ്ചേരി മാധ്യമങ്ങള്‍ക്കായി നല്കിയ പ്രസ്താവനയില്‍ പറഞ്ഞു. നഷ്ടപ്പെട്ടതു രണ്ടു വിലപ്പെട്ട മനുഷ്യജീവനുകളാണ്. ഇതിനെക്കുറിച്ചു സത്യസന്ധമായ അന്വേഷണം നടത്തുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും വേണമെന്നതാണു തന്റെ നിലപാട്. ഈ വിഷയത്തില്‍ മധ്യസ്ഥം വഹിക്കാമെന്ന് അറിയിക്കുകയോ ഇതുമായി ബന്ധപ്പെട്ടു മന്ത്രിമാരെ സമീപിക്കുകയോ ചെയ്തിട്ടില്ല. സത്യവും നീതിയും നടപ്പിലാകണം. നിയമാനുസൃതമായി പ്രശ്നം പരിഹരിക്കപ്പെടണം. വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ ആത്മാര്‍ഥമായി പങ്കുചേരുന്നുവെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.

0 Comments